Connect with us

National

ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാമിന് സ്ഥാനം നഷ്ടപ്പെട്ടേക്കും

Published

|

Last Updated

പാറ്റ്‌ന: തന്റെ മുഖ്യമന്ത്രി പദത്തിനുള്ള നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി. ബീഹാറില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ജെ ഡി യുവിലെ എതിരാളികളാണ് തന്റെ സ്ഥാനം തെറിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് ആദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഇതിനുവേണ്ടിയുള്ള ചരടുവലികള്‍ സജീവമായി നടക്കുന്നുണ്ട്. നവംബര്‍ അവസാനത്തോടെ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ മഹാദളിതില്‍ പെട്ടയാളാണ് മഞ്ചി. ഇതാണ് പാര്‍ട്ടിയില്‍ തനിക്കെനതിരെ ഒരു വിഭാഗം ശക്തമായി എതിര്‍പ്പുമായി രംഗത്ത് വരാന്‍ കാരണമെന്ന് മഞ്ചി പറയുന്നു. മഞ്ചിയുടെ പരാമര്‍ശത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജെ ഡി യു പ്രസിഡന്റ് ശരദ് യാദവും രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. എന്നാല്‍ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാന്‍ നിതീഷ് കുമാര്‍ തയ്യാറായില്ല. നവംബര്‍ 29ന് അവസാനിക്കുന്ന സമ്പര്‍ക് യാത്രക്ക് ശേഷം പ്രതികരിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.
നിതീഷ് കുമാറിന്റെ പക്ഷത്തുള്ള ഏതാനും മന്ത്രിമാരാണ് മഞ്ചിയുടെ രാജിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തുന്നതെന്നാണ് വിവരം. നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടിയില്‍ നീക്കങ്ങള്‍ നടത്തുന്നത്. ഈ മാസം അവസാനത്തോടെ തീരുമാനമെടുക്കുമെന്ന് ജെ ഡി യു നേതാവ് വെളിപ്പെടുത്തി.
ബീഹാറിന് പ്രത്യേക പദവി നല്‍കിയാല്‍ മോദിയെ പിന്തുണക്കുമെന്ന മഞ്ചിയുടെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഒരിക്കല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും മഞ്ചി പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ വിദേശികളാണെന്നും പട്ടിക വര്‍ഗ, പട്ടിക ജാതി വിഭാഗക്കാരാണ് തദ്ദേശീയരെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിലെ ഉയര്‍ന്ന വിഭാഗക്കാരായ നിയമസഭാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും ഇത്തരം പരാമര്‍ശം നടത്തുമെന്നും ആര്‍ക്കും കീഴടങ്ങില്ലെന്നും മഞ്ചി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ ചിലരെ മഞ്ചി പേരെടുത്ത് പറയാതെ വിമര്‍ശിച്ചതും വിനയായിട്ടുണ്ട്.

Latest