Connect with us

Wayanad

വിലത്തകര്‍ച്ച: റബ്ബര്‍ കൃഷി വയനാട്ടിലും കര്‍ഷകരെ കണ്ണീരിലാക്കി

Published

|

Last Updated

കല്‍പ്പറ്റ;വിലത്തകര്‍ച്ചയില്‍ പാളംതെറ്റിയ റബ്ബര്‍ കൃഷി വയനാട്ടിലും നൂറുകണക്കിനു കര്‍ഷകരെ കണ്ണീരിലാക്കി. ബേങ്കുകളില്‍നിന്നടക്കം കടംവാങ്ങി റബ്ബര്‍ കൃഷിയിയില്‍ മുടക്കിയവര്‍ പകച്ചുനില്‍ക്കുകയാണ് ഇനി എന്ത് എന്ന ചോദ്യത്തിനു മുന്നില്‍.
കാല്‍ നൂറ്റാണ്ടു മുമ്പുവരെ വയനാട്ടിലെ മുഖ്യ കൃഷികളുടെ ഗണത്തില്‍ റബ്ബറിനു ഇടം ഉണ്ടായിരുന്നില്ല. അങ്ങിങ്ങു മാത്രമായിരുന്നു റബ്ബര്‍ തോട്ടങ്ങള്‍. ഒന്നോ രണ്ടോ ഏക്കറില്‍ ഒതുങ്ങുന്നവയായിരുന്നു ഇവയില്‍ ഏറെയും.കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 1986-“87ല്‍ ജില്ലയില്‍ ഏകദേശം 2500 ഹെക്ടറിലായിരുന്നു റബ്ബര്‍ കൃഷി. ഉത്പാദനം 1777 ടണ്ണും. അഞ്ച് ആണ്ട് കഴിഞ്ഞപ്പോഴേക്കും റബ്ബര്‍ കൃഷിചെയ്യുന്ന ഭൂമിയുടെ അളവ് 4071 ഹെക്ടറായി. ഉത്പാദനം 2586 ടണ്ണായി വര്‍ധിച്ചു. റബ്ബര്‍ കൃഷിയില്‍ കാര്യമായ മുന്നേറ്റമാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കാണാനായത്. 2008-“09 ആയപ്പോഴേക്കും റബ്ബര്‍ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 10450 ഹെക്ടറായും ഉത്പാദനം 9570 ടണ്‍ ആയും ഉയര്‍ന്നു. നിലവില്‍ 13000 ഹെക്ടറിനടുത്താണ് കൃഷി. ജില്ലയില്‍ പനമരം, നീര്‍വാരം, അഞ്ചുകുന്ന്, വിളമ്പുകണ്ടം, പള്ളിക്കുന്ന്, മീനങ്ങാടി, വാളാട്, പേരിയ, തവിഞ്ഞാല്‍ പ്രദേശങ്ങളിലാണ് പഴയ റബ്ബര്‍ത്തോട്ടങ്ങളുള്ളത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ് വിളവെടുപ്പിനു പരുവമായതടക്കം പുതിയ തോട്ടങ്ങള്‍.
സാമ്പത്തിക കാരണങ്ങളാണ് 1991-“92ല്‍ ഏകദേശം 4000 ഹെക്ടറിലായിരുന്ന റബ്ബര്‍ കൃഷി 2014 ആയപ്പോഴേക്കും 13000 ഹെക്ടറായി വര്‍ധിക്കുന്നതിനിടയാക്കിയത്.
ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്നില്‍ തിരിച്ചുപിടിക്കാനുള്ള വാസന ജ•സിദ്ധമാണ് കൃഷിക്കാരില്‍. ദ്രുതവാട്ടം, മന്ദവാട്ടം, ഇലചെറുതാകല്‍ തുടങ്ങിയ രോഗങ്ങള്‍ തോട്ടങ്ങളില്‍ ജില്ലയില്‍ കുരുമുളകുചെടികളുടെ കൂട്ടക്കശാപ്പിനു കാരണമായി. കാപ്പി കൃഷിയില്‍നിന്നുള്ള ലാഭം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ കര്‍ഷകര്‍ റബ്ബര്‍ കൃഷിയെക്കുറിച്ച് കാര്യമായി ആലോചിച്ചത്. കുരുമുളക് ചെടികള്‍ നശിച്ച് തരിശുനിലത്തിനു സമാനമായ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ റബ്ബര്‍ നട്ട് ഭാഗ്യപരീക്ഷണത്തിനു തുനിയുകയായിരുന്നു.
ദിനേനയെന്നാണം ഉയരുന്ന റബ്ബര്‍ വിലയും അവര്‍ക്ക് ആവേശം പകര്‍ന്നു. നട്ട് ആറോ ഏഴോ വര്‍ഷം പരിപാലിക്കുമ്പോക്കും പാല്‍ ചുരത്താന്‍ തുടങ്ങുന്ന മരങ്ങള്‍ കൊണ്ടുവരുന്ന സൗഭാഗ്യങ്ങളെക്കുറിച്ചായി കര്‍ഷകരുടെ ചിന്ത.
ഒരു കിലോ റബ്ബര്‍ ഷീറ്റിന്റെ വില 2012ല്‍ 250 രൂപ വരെയായിരുന്നത് 96-120 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. പാല്‍ അരിച്ച് കരടുകള്‍ നീക്കി ഉറയിട്ട് കട്ടികുറഞ്ഞ ഷീറ്റുകളാക്കി കഴുകി ആസിഡ് അംശം പരമാവധി നീക്കി വെയിലത്തും പുകയിട്ടും ഉണക്കുന്ന സ്വര്‍ണവര്‍ണമുള്ള ഷീറ്റിനാണ് 120 രൂപ വില. അല്ലാത്തവയ്ക്ക് പ്രദേശിക വിപണികളില്‍ ലഭിക്കുന്ന പരമാവധി വിലയാണ് 96 രൂപ.
കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളെ അപേക്ഷിച്ച് റബ്ബര്‍ കൃഷിക്ക് അത്രയോജിച്ചതല്ല വയനാടിന്റെ മിക്ക ഭാഗങ്ങളിലുമുള്ള മണ്ണ്. അതിനാല്‍തന്നെ ഉത്പാദനക്ഷമതയും ജില്ലയില്‍ കുറവാണ്. 10 മരത്തിന് ഒരു ഷീറ്റ് എന്നതാണ് ഇതര ജില്ലകളിലെ കണക്ക്.
എന്നാല്‍ വയനാട്ടില്‍ 15-20 മരം ടാപ്പ് ചെയ്താലാണ് ഒരു കിലോ ഷീറ്റിനുള്ള പാല്‍ ലഭിക്കുക. “നാട്ടിലുള്ളതിനെ അപേക്ഷിച്ച് വയനാട്ടില്‍ റബ്ബര്‍ പാലിന് കൊഴുപ്പ് കുറവാണെന്ന്” പുല്‍പള്ളി കാപ്പിക്കുന്നിലെ റബ്ബര്‍ കര്‍ഷകന്‍ വേട്ടക്കുന്നേല്‍ മാത്യു പറയുന്നു. മണ്ണിന്റെ സ്വഭാവത്തിനു പുറമേ രോഗങ്ങള്‍, കാലാവസ്ഥയിലെ പിഴവുകള്‍ എന്നിവയും ജില്ലയില്‍ റബ്ബര്‍ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.
ഉത്പാദനച്ചെലവിന്റെ നാലയലത്തുവരുന്നതതല്ല ഇപ്പോഴത്തെ റബ്ബര്‍ വിലയെന്ന് കല്‍പറ്റ മടക്കിമലയിലെ കര്‍ഷകന്‍ സജീവന്‍ പറയുന്നു. 190-200 റബ്ബര്‍ മരങ്ങളാണ് ഒരു ഏക്കറില്‍ ഉണ്ടാകുക.ഒരു മരം ടാപ്പ് ചെയ്ത് പാലെടുത്ത് നല്‍കുന്നതിനു രണ്ടര രൂപയാണ് തൊഴിലാളിക്കു കൂലി. ടാപ്പിംഗിനു മാത്രം രണ്ട് രൂപ നല്‍കണം.
കടുംവെട്ടിനു മരം ഒന്നിന് നാലര രൂപയാണ് തൊഴിലാളിക്കു കൊടുക്കേണ്ടത്. മരങ്ങള്‍ “പങ്കിനു വെട്ടുന്ന” രീതിയും ജില്ലയിലുണ്ട്. ഈ രീതിയനുസരിച്ച് കിട്ടുന്ന ഷീറ്റിന്റെ പകുതി തോട്ടം ഉടമയ്ക്കും ബാക്കി വെട്ടുകാരനുമാണ്.
വളര്‍ച്ചമുറ്റിയ തോട്ടങ്ങളാണ് ഉടമകള്‍ പങ്കിനുവെട്ടാന്‍ കൊടുത്തിരുന്നത്. ഇപ്പോള്‍ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ തൈത്തോട്ടങ്ങളിലും പങ്കുവെട്ട് തുടങ്ങിയിട്ടുണ്ട്. പരുവമെത്തിയിട്ടും ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളില്‍ പാല്‍ നിറഞ്ഞ് പട്ട വിണ്ടുകീറും. ഇതൊഴിവാക്കുന്നതിന് തോട്ടങ്ങള്‍ പങ്കിനുവെട്ടിനു നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
ഒരേക്കര്‍ ഭൂമിയില്‍ റബ്ബര്‍ കൃഷിയിറക്കി വിളവെടുപ്പിനു പാകമാകുന്നതുവരെ പരിപാലിക്കുന്നതിന് ഏകദേശം അഞ്ച് ലക്ഷം രൂപയാണ് ചെലവ്. അടച്ചുവെട്ട് നടത്തിയാണ് സ്ഥലം റബ്ബര്‍കൃഷിക്കായി ഒരുക്കുന്നത്. തൈനടുന്നതിനുള്ള ഒരു കുഴിയെടുക്കുന്നതിന് 40 രൂപയാണ് കൂലി. മേത്തരം തൈ ഒന്നിന് 120-130 രൂപ വിലയുണ്ട്. വളം, തുരിശ്, കുമ്മായ പ്രയോഗം, പ്ലാറ്റ്‌ഫോം നിര്‍മാണം തുടങ്ങിയ പരിപാലന ചെലവുകള്‍ വേറെ. വിലത്തകര്‍ച്ചയോടെ നഷ്ടക്കച്ചവടമായി മാറിയിരിക്കയാണ് റബ്ബര്‍ കൃഷി. കര്‍ഷകരില്‍ പലരും കൂലിക്ക് ആളെ നിര്‍ത്തി തോട്ടങ്ങളില്‍ റബ്ബര്‍ വിളവെടുപ്പ് നടത്തുന്നില്ല. ഇത് ടാപ്പിംഗ് തൊഴിലാളികളുടെ വരുമാനത്തേയും ബാധിച്ചു. കര്‍ഷകര്‍ റബ്ബര്‍ കൃഷിയില്‍നിന്നു മുഖംതിരിച്ചത് നഴ്‌സറി നടത്തിപ്പുകാരേയും പ്രതിസന്ധിയിലാക്കി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റു കൃഷികള്‍ തുടങ്ങാനുള്ള ആലോചനയിലാണ് കൃഷിക്കാരെല്ലാംതെന്ന. കാപ്പികൃഷി നടത്താനാണ് തന്റെ തീരുമാനം- രണ്ട് ഏക്കര്‍ റബ്ബര്‍ തോട്ടമുള്ള സജീവന്‍ പറഞ്ഞു.