മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ന്നത് ആവാസ വ്യവസ്ഥ തകര്‍ക്കും

Posted on: November 25, 2014 5:21 am | Last updated: November 24, 2014 at 11:22 pm

mullapperiyarതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഈ മേഖലയിലെ ആവാസ വ്യവസ്ഥ തകരുമെന്നും 5.8 ചതുരശ്ര കിലോമീറ്റര്‍ വനം നാശത്തിന്റെ വക്കിലാണെന്നും മുഖ്യവനപാലകന്റെ റിപ്പോര്‍ട്ട്. അതീവ ലോല നിത്യ ഹരിത വനത്തിനും പെരിയാര്‍ കടുവാസങ്കേതത്തിലെ കടുവകള്‍ക്കും വന്‍ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യവനപാലകന്‍ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ചീഫ്‌സെക്രട്ടറി ഇ കെ ഭരത്ഭൂഷന് സമര്‍പ്പിച്ചു.

നാളെ ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ജലനിരപ്പ് 142 അടിയിലെത്തിയതോടെ തന്നെ 5.8 ചതുരശ്ര കിലോമീറ്റര്‍ വനം വെള്ളത്തിനടിയിലായെന്നും ഇതില്‍ 1.8 ചതുരശ്ര കിലോമീറ്റര്‍ അതീവലോല നിത്യഹരിത വനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ജലനിരപ്പ് ഉയര്‍ന്നു നിന്നാല്‍ പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പടെയുള്ള വനപ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ന്നടിയും.
ഉഭയജീവികള്‍, ചിത്രശലഭങ്ങള്‍ എന്നിവക്കും ജലനിരപ്പ് ഉയര്‍ന്നത് ഭീഷണിയാണെന്ന് രണ്ട് ദിവസം ഈ മേഖലയില്‍ തങ്ങി തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.