പ്രൊ. വി സിയുടെ വിവാദ പ്രബന്ധം: സാധുത പരിശോധിക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം

Posted on: November 25, 2014 5:19 am | Last updated: November 24, 2014 at 11:20 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എന്‍ വീരമണികണ്ഠന്റെ ഗവേഷണ വിവാദമായ പ്രബന്ധത്തിന്റെ സാധുത സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം.
സെനറ്റ് യോഗം ചര്‍ച്ച ചെയ്ത് ഇതേകുറിച്ച് തീരുമാനമറിയിക്കാനാണ് സര്‍ക്കാര്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീരമണികണ്ഠന്‍ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ നടപടി.
ആസ്തമ രോഗികളുടെ മാനസിക നിലയും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ 2009ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി ലഭിച്ച ഡോ. എന്‍.വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തില്‍ 60 ശതമാനവും നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളില്‍ നിന്നും, ഇന്റര്‍നെറ്റില്‍ നിന്നും പകര്‍ത്തി എഴുതിയതാണെന്ന് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് കാലിക്കറ്റ് സര്‍വകലാശാലയാണ്. ഗവേഷണ പ്രബന്ധത്തിന്റെ സാധുത പരിശോധിക്കാനും ഡോക്ടറേറ്റ് റദ്ദാക്കാനുമുള്ള അധികാരം സര്‍വകലാശാലാ സെനറ്റിനുമാണ്. നിലവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മനഃശാസ്ത്ര വകുപ്പ് മേധാവി നടത്തിയ പരിശോധനയിലാണ് പകര്‍ത്തിയെഴുത്ത് പുറത്തുവന്നത്.
ആവശ്യമെങ്കില്‍ സെനറ്റിന് കൂടുതല്‍ വിദഗ്‌ധോപദേശം തേടാനും പരിശോധന നടത്താനും സാധിക്കും. പകര്‍ത്തിയെഴുതിയെന്ന് തെളിഞ്ഞാല്‍ ഡോക്ടറേറ്റ് റദ്ദാക്കുകയും ചെയ്യാം. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ അഡീ. ചീഫ് സെക്രട്ടറിയാണ് വൈസ് ചാന്‍സലര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ജെ ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഇതര പ്രബന്ധങ്ങളില്‍ നിന്നുള്ളതിന് പുറമെ വിക്കിപീഡിയ, റഫറന്‍സ്‌ഡോട്ട് കോം, ബയോനിറ്റി ഡോട്ട് കോം, പോള്‍ലഹറിന്റെ ആസ്ത്മയുടെ മനഃശാസ്ത്രം എന്ന പ്രബന്ധം എന്നിവയില്‍ നിന്നുമാണ് പകര്‍ത്തിയെഴുതിയതെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കുമ്പോള്‍ റഫറന്‍സ് ഗ്രന്ഥങ്ങളെയും മറ്റും ആശ്രയിക്കുക പതിവാണെന്നായിരുന്നു വീരമണികണ്ഠന്റെ വിശദീകരണം.