ബാലു വധം: സര്‍ക്കാറിന്റെ തുടരന്വേഷണാവശ്യം കോടതി തള്ളി

Posted on: November 25, 2014 5:09 am | Last updated: November 24, 2014 at 11:10 pm

kerala high court picturesകൊച്ചി: ഐ എന്‍ ടി യു സി നേതാവ് പീരുമേട് ബാലു വധക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക ഹരജിയാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷണന്‍, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തള്ളിയത്. കേസിലെ പത്ത് പ്രതികളില്‍ എട്ട് പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിന്റെ വാദം നിര്‍ത്തിവെക്കണമെന്നും കേസില്‍ തുടരന്വേഷണം നടത്താന്‍ അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സമര്‍പ്പിച്ച പ്രത്യേക ഹരജിയിലെ പ്രധാന ആവശ്യം. എം എം മണിയുടെ പ്രസംഗത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസിന്റെ നടപടി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിട്ടുണ്ടെന്നും പ്രതികളുടെ അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്നതിനാലാണ് തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി തേടുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ കോടതിക്ക് പ്രത്യേക ഹരജിയുടെയോ സ്വമേധയായോ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമുണ്ടെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. എന്നാല്‍ ബാലു വധക്കേസില്‍ എം എം മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണത്തില്‍ തുടരന്വേഷണത്തിന് പര്യാപ്തമായ തെളിവുകളും വസ്തുതകളും കണ്ടെത്തിയിട്ടില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. മണിയുടെ പ്രസംഗത്തിലെ ഉള്ളടക്കത്തില്‍ നിന്നും ബാലുവിന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തിലോ ഗൂഢാലോചനയിലോ കൃത്യം നടപ്പാക്കുന്നതിലോ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് പ്രതിപാദിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

മണിയുടെ പ്രസംഗത്തില്‍ കേസിന് ആസ്പദമായ കൊലപാതകത്തിന് പുറമെ സി പി എം പ്രവര്‍ത്തകനായ അയ്യപ്പദാസിന്റെ കൊലപാതകത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട.് അയ്യപ്പദാസിന്റെ കൊലപാതകത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ ആളുകളാണെന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിന്റെ പരാമര്‍ശത്തിലെ ഏതാനും കേസുകള്‍ മാത്രം തുടരന്വേഷണം നടത്താനും മറ്റു കേസുകള്‍ അന്വേഷിക്കാതിരിക്കാനും കാരണമെന്തെന്ന് കേസ് വാദത്തിനിടെ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഡി ജി പി യോട് ആരാഞ്ഞു. മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് ബാലു വധക്കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണം ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ അയ്യപ്പദാസിന്റെ കൊലപാതകം സംബന്ധിച്ച മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നും ജസ്റ്റിസ് ആരാഞ്ഞു. പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിച്ചതില്‍ നിന്നും കൊല നടത്തിയത് താനാണെന്ന് മണി പറയുന്നില്ല. ഗൂഢാലോചന നടത്തിയത് ആരെന്നും വ്യക്തമാക്കിയിട്ടില്ല. പ്രാസംഗികന്റെയും ശ്രോദ്ധാക്കളുടെയും നിലവാരത്തിന്റെ അടിസ്ഥാനത്തിലാകണം പ്രസംഗത്തിന്റെ ഉള്ളടക്കം വിലയിരുത്തേണ്ടത്.
രാഷ്ട്രീയ പ്രസംഗങ്ങള്‍ പലപ്പോഴും എതിരാളികള്‍ക്കെതിരായ വാചകക്കസര്‍ത്തായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാറിന്റെ തുടരന്വേഷണ ആവശ്യം കേസ് നീട്ടാനാണെന്നും ഇത് അനുവദിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം നടത്താന്‍ ആവശ്യമായ കാരണങ്ങളില്ലെന്നും മണിയുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെടാന്‍ കാലതാമസം ഉണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം നടന്നതിന് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് സര്‍ക്കാറിന്റെ തുടരന്വേഷണ ആവശ്യമെന്നും കേസിലെ ശിക്ഷാ വിധി കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞാണ് സര്‍ക്കാറിന്റെ ആവശ്യമെന്നും കോടതി വിധിയില്‍ പറയുന്നു.