കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി ഉന്നത ഉദ്യോഗസ്ഥര്‍ പിടിയില്‍

Posted on: November 25, 2014 5:07 am | Last updated: November 24, 2014 at 11:08 pm

ആലപ്പുഴ: ഹൗസ് ബോട്ടുടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വാണിജ്യ നികുതി അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കാര്യാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി. വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ ജി സുകുമാരന്‍, ഇന്‍സ്‌പെക്ടര്‍ കെ ജെ അഗസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ നികുതി കാര്യാലയത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അറസ്റ്റ്. പാലാ രാമപുരം സ്വദേശി ബിനോ ജോര്‍ജിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇവരെ കുടുക്കിയത്. കുറച്ച് ദിവസമായി ഓഫീസ് വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഹൗസ് ബോട്ടുകളുടെ ആഡംബര നികുതി അടയ്ക്കുന്നതിനായി ബിനോ സമര്‍പ്പിച്ച ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി മുപ്പതിനായിരം രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. നിയമപ്രകാരമുളള അഞ്ചര ലക്ഷം രൂപ നികുതി ഇനത്തില്‍ അടച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കായി കുടുംപിടുത്തം നടത്തിയത്.
ഹൗസ് ബോട്ട് അസോസിയേഷന്‍ അംഗം കൂടിയായ ബിനോ ഫയലുകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി കഴിഞ്ഞ ജൂണ്‍ മുതല്‍ ഓഫീസിനെ ആശ്രയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഫയലുകള്‍ സ്വീകരിക്കുന്നതിനായി തന്റെ ജീവനക്കാരെ പലതവണ ഓഫീസിലേക്ക് അയച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയില്‍ നിന്നും പിന്തിരിഞ്ഞില്ലെന്നും ബിനോ പറഞ്ഞു. ഇതോടെ ഓഫീസില്‍ നേരിട്ടെത്തിയ ബിനോ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ പണം വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
കൈയോടെ പിടികൂടിയ ഇവരെ വിശദമായ ചോദ്യം ചെയ്യലിനുശേഷം കോട്ടയത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.ഡി വൈ എസ് പി അശോക് കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.