Connect with us

Wayanad

ജില്ലയില്‍ വിത്തുത്സവം സംഘടിപ്പിക്കും

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ആദിവാസി വികസന സമിതി, സീഡ് കെയര്‍, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കേരള ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ വിത്തുത്സവവും മികച്ച രണ്ട് കര്‍ഷകര്‍ക്ക് അവാര്‍ഡും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ വര്‍ഷവും ഫെബ്രുവരി അവസാന വാരത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി പഞ്ചായത്തുതലത്തില്‍ കര്‍ഷകരേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് സെമിനാറുകള്‍ നടത്തും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ റഷീദ് നിര്‍വഹിക്കും. ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍ പരിപാടിയില്‍ മുഖ്യാധിതിയാവും. ഇത്തരം സെമിനാറുകളില്‍ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് വിത്തുത്സവത്തിന്റെ നയരേഖയായി പ്രഖ്യാപിക്കും.
വിത്തുത്സവത്തിനുള്ള വിത്തുകള്‍ ശേഖരിക്കാനായി മുഴുവന്‍ പഞ്ചായത്തുകളിലും ജൈവവൈവിധ്യ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. മികച്ച കര്‍ഷകരെ കണ്ടെത്താനായി പഞ്ചായത്തുതലങ്ങളില്‍ ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നഗരസഭയടക്കമുള്ള 26 കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നാണ് പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന മികച്ച ആദിവാസി കര്‍ഷകനെയും കൂടുതല്‍ തനതു വിളയിനങ്ങളും പക്ഷി വര്‍ഗങ്ങളേയും കന്നുകാലികളെയും സംരക്ഷിക്കുന്ന മികച്ച ആദിവാസി കുടുംബത്തേയും തിരഞ്ഞെടുക്കുക. നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന കര്‍ഷകന് 25000 രൂപയും പ്രശസ്തി പത്രവും മികച്ച ആദിവാസി കുടുംബത്തിന് 15000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. പരമ്പരാഗത നെല്ലിനങ്ങള്‍ സംരക്ഷിക്കുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ജീനോം സേവിയര്‍ അവാര്‍ഡ് വയനാട് ആദിവാസി വികസന സമിതിക്കായിരുന്നു ലഭിച്ചത്. ഈ തുകയില്‍ നിന്നാണ് അവാര്‍ഡിനുള്ള തുക നല്‍കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വികസന സമിതി പ്രസിഡണ്ട് എ ദേവകി, രക്ഷാധികാരി പള്ളിയറ രാമന്‍, സീഡ് കെയര്‍ പ്രസിഡണ്ട് വിച്ചാരത്ത് കുഞ്ഞിരാമന്‍, വി ബാലകൃഷ്ണന്‍, എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ സയന്റിസ്റ്റുമാരായ പി.ആര്‍ സുമ, പി പ്രജീഷ് എന്നിവര്‍ പറഞ്ഞു.