Connect with us

International

അഫ്ഗാനിലെ ചാവേര്‍ ആക്രമണം: മരണം 61

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വോളിബോള്‍ മത്സരം നടക്കുന്നതിനിടെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ ഹഖാനി തീവ്രവാദ സംഘമാണെന്ന് സുരക്ഷാ ഏജന്‍സികള്‍. വോളിബോള്‍ മത്സരം കാണാനെത്തിയവരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. 60ലേറെ പേര്‍ക്ക് സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹഖാനി ഗ്രൂപ്പാണെന്ന് വ്യക്തമാണെന്ന് നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയിലെ വക്താവ് ഹസീബ് സിദ്ദീഖി ചൂണ്ടിക്കാട്ടി. അധികം വൈകാതെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 61 പേര്‍ സംഭവത്തില്‍ കൊല്ലപ്പെടുകയും 60ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണ്. ജനക്കൂട്ടത്തിനിടയില്‍ തന്നെ ഉണ്ടായിരുന്ന ചാവേറാണ് സ്വയം പൊട്ടിത്തെറിച്ചത്.
അധികൃതര്‍ ഹഖാനി ഗ്രൂപ്പിന്റെ മേല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ആരോപിക്കുമ്പോഴും ഈ വിഷയത്തില്‍ ഹഖാനി നേതൃത്വം ഒന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല. അടുത്ത കാലത്തായി അല്‍ഖാഇദയുമായും താലിബാനുമായും സഹകരിച്ച് അഫ്ഗാനിസ്ഥാനില്‍ നിരവധി ആക്രമണങ്ങള്‍ ഹഖാനി ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Latest