കളിത്തോക്കുമായെത്തിയ 12കാരനെ പൊലീസ് വെടിവച്ചു കൊന്നു

Posted on: November 24, 2014 3:09 pm | Last updated: November 25, 2014 at 12:05 am

B3KG3RmIAAABp6rക്ലെവേലാന്‍ഡ്: കളിത്തോക്ക് കൈയില്‍ വെച്ച 12 വയസ്സുകാരനായ കുട്ടിയെ അമേരിക്കയില്‍ പോലീസ് വെടിവെച്ചു കൊന്നു. തമീര്‍ റൈസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കളിക്കളത്തില്‍ ഒരു കുട്ടി തോക്കുമായി പ്രത്യക്ഷപ്പെട്ട വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ആണ് കുട്ടിയെ വെടിവെച്ചുകൊന്നത്. കളിപ്പാട്ടങ്ങളായി ഉപയോഗിക്കുന്ന തോക്കുകളില്‍ സാധാരണ കാണാറുള്ള ഓറഞ്ച് നിറത്തിലുള്ള അടയാളം ഈ തോക്കിലുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. കുട്ടി കളിപ്പാട്ടമായി ഉപയോഗിക്കുന്ന തോക്ക് താഴെയിട്ട ശേഷമാണ് പോലീസ് ഉദ്യോഗസ്ഥന്‍ രണ്ട് തവണ നിറയൊഴിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടി പോലീസിന് നേരെ തോക്ക് ചൂണ്ടിയിട്ടുമുണ്ടായിരുന്നില്ല. ഇതിന് പുറമെ എന്തെങ്കിലും തരത്തിലുള്ള ഭീഷണി കൊല്ലപ്പെട്ട കുട്ടി നടത്തിയിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയതായിരുന്നുവെന്നും എന്താണ് കുട്ടിയെ വെടിവെച്ചുകൊല്ലാനുണ്ടായ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കുട്ടിയുടെ അടുത്തബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തരവാദികളായ രണ്ട് പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സെമി ഓട്ടോമാറ്റിക് കൈത്തോക്കിനോട് സാമ്യമുള്ള തരത്തിലുള്ള ഒരു കളിത്തോക്കാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് വിശദീകരിക്കുന്നു.