സദാചാര പോലീസ് ചമഞ്ഞ് അക്രമം രണ്ട് പേര്‍ അറസ്റ്റില്‍

Posted on: November 24, 2014 9:56 am | Last updated: November 24, 2014 at 9:56 am

വടകര: സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘത്തിന്റെ അക്രമത്തില്‍ യുവാവിന് പരുക്ക്. രണ്ട് പേര്‍ അറസ്റ്റില്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പോകുന്നതിനിടയില്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ രണ്ടംഗ സംഘം മര്‍ദക്കുകയായിരുന്നു.
നടക്കുതാഴ അരിക്കോത്ത് പാലുള്ള പറമ്പത്ത് ഷാരൂണി (20) നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വടകര വോളം വയലിലെ ആഇശാ കോളജില്‍ ഫഹദ് (26), കസ്റ്റംസ് റോഡിലെ അറഫാ ഹൗസില്‍ സൈനുല്‍ ആബിദ് (26) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് അക്രമം. യുവാവിനെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ ഇടപെട്ട് കാര്യം തിരക്കിയപ്പോഴാണ് സദാചാര പോലീസ് ചമഞ്ഞുള്ള അക്രമമാണെന്ന് അറിയുന്നത്. റിയല്‍ എവിയേഷന്‍ കോളജില്‍ വിദ്യാര്‍ഥിയായ ഷാരൂണ്‍ സഹപാഠികളോടൊപ്പം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് അക്രമം. നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.