Connect with us

Kerala

മണി ചെയിന്‍ തട്ടിപ്പ് ഗുണ്ടാ നിയമത്തില്‍

Published

|

Last Updated

തിരുവനന്തപുരം: വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പരിധിയില്‍ വരുത്തിയും ഗുണ്ടാ നിയമത്തിനുള്ള ഭേദഗതി തയ്യാറായി. കുറ്റം ആവര്‍ത്തിച്ചാല്‍ കരുതല്‍ തടങ്കല്‍ ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാകുമെന്നതും മണി ചെയിന്‍ തട്ടിപ്പ് കൂടി നിയമത്തിന്റെ പരിധിയില്‍ വരുമെന്നതുമാണ് പ്രധാന ഭേദഗതി. കാര്യോപദേശക സമിതിയുടെ അനുമതി ലഭിച്ചാല്‍ ഒന്നിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഓപറേഷന്‍ കുബേരയില്‍ ബോധ്യപ്പെട്ട വസ്തുതകള്‍ കൂടി പരിഗണിച്ചാണ് 2007ലെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തില്‍ ആഭ്യന്തര വകുപ്പ് ഭേദഗതി കൊണ്ടുവരുന്നത്.

മൂന്ന് കേസുകളില്‍ പ്രതികളാകുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുന്നത്. ആറ് മാസം വരെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് നിലവിലുള്ള വ്യവസ്ഥ. പുതിയ ഭേദഗതി അനുസരിച്ച് ഗുണ്ടാ നിയമ പ്രകാരം ഒരു തവണ കരുതല്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടങ്കല്‍ ലഭിക്കും. തടങ്കല്‍ കാലാവധി ഒരു വര്‍ഷമാക്കണമെന്ന ഭേദഗതി ആഭ്യന്തര വകുപ്പ് തന്നെയാണ് നിര്‍ദേശിച്ചത്.
മണി ചെയിന്‍ കേസുകളില്‍ പിടിക്കപ്പെടുന്നവരെയും ഇനി ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളും കണ്ടുകെട്ടും. ജില്ലാ മജിസ്‌ട്രേറ്റിനാണ് ഇതിനുള്ള അധികാരം. കണ്ടുകെട്ടിയ വസ്തുവകകള്‍ തിരികെ ലഭിക്കാനും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാന്‍ പുതിയ നിയമം അനുശാസിക്കുന്നു. കണ്ടുകെട്ടിയ വസ്തുവിന്റെ ഉടമസ്ഥാവകാശം ബന്ധപ്പെട്ടയാള്‍ക്ക് മൂന്ന് മാസത്തിനകം സ്ഥാപിച്ചെടുക്കാനായില്ലെങ്കില്‍ അത് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടും.
കൊള്ളപ്പലിശക്കാര്‍, ഹവാല തട്ടിപ്പുകാര്‍ തുടങ്ങിയവര്‍ നിലവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ നിയമം പ്രയോഗിക്കുന്നതിന് സഹായകരമാംവിധം നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. സ്വന്തമായോ ഒരു സംഘത്തിന്റെ ഭാഗമായോ നിയമവിരുദ്ധമായി ഇന്ത്യന്‍, വിദേശ കറന്‍സികള്‍ കൈകാര്യം ചെയ്താല്‍ ഹവാല തട്ടിപ്പായി കണക്കാക്കും. 1958ലെ കേരള പണം കൊടുപ്പുകാര്‍ ആക്ട്, 2012ലെ അമിത പലിശ ഈടാക്കല്‍ നിരോധന നിയമം എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊള്ളപ്പലിശക്കാരനായി കണക്കാക്കി ഗുണ്ടാ നിയമം പ്രയോഗിക്കും.
1978ലെ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിംഗ്) ആക്ട് പ്രകാരം കുറ്റകരമായ മണി സര്‍ക്കുലേഷന്‍ സ്‌കീം നടത്തുന്നവരും പ്രൈസ് ചിറ്റ് നടത്തുന്നവരും മണി ചെയിന്‍ കുറ്റക്കാരായി കണക്കാക്കും. കള്ളനോട്ട് നിര്‍മിക്കുന്നവര്‍, പരിസ്ഥിതി വിധ്വംസകര്‍, ഡിജിറ്റല്‍ ഡാറ്റയും പകര്‍പ്പവാകാശവും അപഹരിക്കുന്നവര്‍, മയക്കു മരുന്ന് കുറ്റവാളികള്‍, വാടക ചട്ടമ്പി, റൗഡി, അസാന്മാര്‍ഗിക കുറ്റവാളികള്‍, വസ്തുകൈയേറ്റക്കാര്‍ തുടങ്ങിയവരാണ് നിലവില്‍ ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍. വായ്പയോ പലിശയോ ഈടാക്കാന്‍ ഭീഷണിപ്പെടുത്തുന്നവരും അക്രമിക്കുന്നവരും കൊള്ളപ്പലിശക്കാരുടെ ഗണത്തില്‍ വരും.
ഗുണ്ടാ നിയമം ചുമത്തപ്പെടുന്നവരെ ഒളിവില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ഈടാക്കാനുള്ള വ്യവസ്ഥ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കണമെന്ന നിര്‍ദേശവും ആഭ്യന്തര വകുപ്പ് മുന്നോട്ട് വെച്ചിരുന്നെങ്കിലും നിയമ വകുപ്പ് ഇത് അംഗീകരിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റായ കലക്ടര്‍ തന്നെയാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.

Latest