Connect with us

Kerala

മുല്ലപ്പെരിയാര്‍: ഹരിത ട്രൈബ്യൂണലില്‍ ഉടന്‍ ഹരജി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ മേഖലയില്‍ സംഭവിക്കുന്ന ജൈവവൈവിധ്യ ഭീഷണി ചൂണ്ടിക്കാട്ടി കേരളം ഉടന്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും. റിസര്‍വോയറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അതീവലോല നിത്യഹരിത വനത്തിനും പെരിയാര്‍ കടുവാ സങ്കേതത്തിലെ കടുവകള്‍ നേരിടുന്ന ഭീഷണിയും മുന്‍നിര്‍ത്തിയാണ് ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കുക. മുഖ്യ വനപാലകന്‍ വി ഗോപിനാഥിന്റെ നേതൃത്വത്തില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളത്തിന്റെ ഹരജി. രണ്ട് ദിവസം മുല്ലപ്പെരിയാര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ജലനിരപ്പ് 142 അടിയിലെത്തിയതോടെ തന്നെ 5.8 ചതുരശ്ര കിലോമീറ്റര്‍ വനം വെള്ളത്തിനടിയിലായി കഴിഞ്ഞു. ഇതില്‍ 1.8 ചതുരശ്ര കിലോമീറ്റര്‍ അതീവലോല നിത്യഹരിത വനമാണ്. ജലനിരപ്പ് ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പടെയുള്ള വനപ്രദേശത്തിന്റെ ആവാസവ്യവസ്ഥ പൂര്‍ണമായും നഷ്ടപ്പെടും. ജൈവവൈവിധ്യ മേഖലക്ക് വന്‍ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുക. ഉഭയജീവികള്‍, ചിത്രശലഭങ്ങള്‍ എന്നിവക്കും ജലനിരപ്പ് ഉയരുന്നതു വന്‍ഭീഷണി ഉയര്‍ത്തുന്നു. പെരിയാര്‍ തടാകത്തിലെ ജൈവവൈവിധ്യ സമ്പന്നമായ പല ദ്വീപുകളും ഇതിനകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് ജലനിരപ്പ് ഇത്രയും ഉയരുന്നത്.
ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തി, അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതിയില്‍ വാദിച്ച് ജലനിരപ്പ് 152 അടിയിലെത്തിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. ഇങ്ങനെ 152 അടിയാക്കിയാല്‍ 11.219 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി വെള്ളത്തിനടിയിലാകും. 142 അടിയിലെത്തിയപ്പോള്‍ തന്നെ കടുവകളുടെ പ്രധാനപ്പെട്ട ആവാസ മേഖലയായ പുല്‍മേടുകളില്‍ ഏറിയ ഭാഗവും വെള്ളത്തിനടിയിലായി. പുല്‍മേടുകള്‍ ആവാസ വ്യവസ്ഥയായുള്ള ജീവജാലങ്ങള്‍ വേറെയുമുണ്ട്. ആനകളും മ്ലാവുകളുമെല്ലാം വ്യാപകമായി ഈ മേഖലയിലാണ് കഴിയുന്നത്. കാടിനോട് ചേര്‍ന്നു കഴിയുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ നാല്‍പ്പതോളം കടുവകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. അംഗസംഖ്യ കുറഞ്ഞ മേഖലയില്‍ ആവാസവ്യവസ്ഥ തകരുന്നത് ഇവയുടെ വംശനാശ ഭീഷണിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വി ഗോപിനാഥിന് പുറമെ അഡീഷനല്‍ പി സി സി എഫ് ഓംപ്രകാശ് കലേര്‍, പെരിയാര്‍ കടുവ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ജോണ്‍ മാത്യു, പെരിയാര്‍ ഫൗണ്ടേഷനിലെ വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.