പച്ചക്കറി സ്വയംപര്യാപ്തത: കോടികള്‍ തുലച്ച് ഹരിത പദ്ധതികള്‍

Posted on: November 24, 2014 5:49 am | Last updated: November 23, 2014 at 11:50 pm

vegetableകണ്ണൂര്‍: രാസകീടനാശിനികളില്ലാത്ത കൃഷി പ്രോത്സാഹനത്തിന് കോടികള്‍ ചെലവിട്ട് നിരവധി പദ്ധതികളാവിഷ്‌കരിക്കുമ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി വര്‍ധിച്ച തോതില്‍ തന്നെ. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തിന്റെ പച്ചക്കറി വിപണിയിലേക്ക് മൂന്നൂറോളം ടണ്‍ പച്ചക്കറികളാണ് നിത്യേനയെത്തുന്നത്. കീടനാശിനിയും വിഷാംശവുമെല്ലാമുണ്ടെന്ന് കണ്ടെത്തിയിട്ട് പോലും സംസ്ഥാനത്തെത്തുന്ന പച്ചക്കറി ഇറക്കുമതിയുടെ അളവ് തീരെ കുറയുന്നില്ലെന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഓരോ വര്‍ഷവും പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തതക്ക് ഉപയോഗിക്കുന്ന കോടികള്‍ പൂര്‍ണമായും ഫലപ്രദമായും ഉപയോഗിക്കാനാകുന്നില്ലെന്നതാണ് പച്ചക്കറിയുടെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 300- 250 ടണ്ണിനിടയിലാണ് പച്ചക്കറി ഇറക്കുമതി ചെയ്യാറുള്ളതെങ്കില്‍ ഉത്സവ സീസണുകളില്‍ പ്രതിദിന ഇറക്കുമതി 500ലധികം ടണ്ണായി വര്‍ധിക്കുന്നുണ്ട്.

കേരളത്തിലെ നാലോ അഞ്ചോ ജില്ലകളില്‍ നിന്ന് മാത്രമാണ് ഇപ്പോഴും സംസ്ഥാനത്തെ വിപണിയിലേക്ക് വില്‍പ്പനക്കായി കാര്യമായ പച്ചക്കറികള്‍ എത്തുന്നത്. വെള്ളരി, പടവലം, പാവയ്ക്ക, മത്തന്‍, കുമ്പളം, ഏത്തയ്ക്ക, ഞാലിപ്പൂവന്‍ തുടങ്ങി വിരലിലെണ്ണാവുന്ന പച്ചക്കറികള്‍ മാത്രമാണ് സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്. തക്കാളി, കാരറ്റ്, ബീന്‍സ്, ഉള്ളി, നാരങ്ങ, കറിവേപ്പില, മുളക്, മുരിങ്ങ, ഉരുളക്കിഴങ്ങ്, കാബേജ്, പയര്‍ എന്നിങ്ങനെ ഭൂരിഭാഗം പച്ചക്കറികളും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണെത്തുന്നത്. തമിഴ്‌നാട്ടിലെ ഒട്ടന്‍ഛത്രം, തെങ്കാശി, ശങ്കരന്‍ കോവില്‍, കമ്പം, തേനി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, കര്‍ണാടകത്തിലെ മൈസൂര്‍, ഹൊസൂര്‍, ഗുണ്ടല്‍പ്പേട്ട എന്നിവിടങ്ങളിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്പോഴും സംസ്ഥാനത്തെ വിപണികളിലേക്ക് പച്ചക്കറി ലോഡുകളെത്താറുള്ളത്.
അന്യസംസ്ഥാന പച്ചക്കറികളില്‍ വര്‍ധിച്ച തോതില്‍ കീടനാശിനിയുണ്ടെന്ന് കണ്ടെത്തിയിട്ട് പോലും ഇറക്കുമതി പച്ചക്കറിയുടെ അളവില്‍ കുറവുണ്ടായിട്ടില്ല. 2010 മുതല്‍ സ്വയംപര്യാപ്ത പച്ചക്കറിയുത്പാദനത്തിനായി ആവിഷ്‌കരിച്ച പദ്ധതികളൊന്നും പൂര്‍ണമായി ഫലം കണ്ടില്ലെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജൈവകാര്‍ഷിക നയം പ്രഖ്യാപിച്ച് അതിലൂടെ വിഷരഹിത പച്ചക്കറിയുത്പാദനത്തിനാണ് 2010ല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്. 2010 മുതല്‍ ഇതിനായി കോടികള്‍ ചിലവിട്ടു തുടങ്ങുകയും ചെയ്തു.
2010- 11 വര്‍ഷത്തില്‍ ഒരു കോടി ചെലവിലാണ് 14 ജില്ലകളിലെ 20 ബ്ലോക്കുകളിലായി പച്ചക്കറി ഉത്പാദനത്തിനായി ആദ്യ പദ്ധതി തയ്യാറാക്കിയത്. ഹെക്ടറൊന്നിന് 10,000 രൂപ നല്‍കി 900 ഹെക്ടറില്‍ ജൈവപച്ചക്കറി ഉത്പാദിപ്പിക്കാനായിരുന്നു നീക്കം. ഇതിനായി വിവിധ പരിശീലന പരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചു. എന്നാല്‍ കാര്യമായി ഇതുകൊണ്ട് ഗുണമുണ്ടായില്ല. പിന്നീട് 2011- 12 വര്‍ഷം ജൈവകൃഷി വികസനത്തിന് മാത്രം 450 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ വലിയൊരു തുക ബോധവത്കരണത്തിനും സെമിനാറിനുമായി ചെലവഴിക്കപ്പെട്ടു. ഈ കാലയളവില്‍ത്ത ന്നെ ഹെക്ടറൊന്നിന് 10,000 രൂപ നിരക്കില്‍ ധനസഹായം നല്‍കി 3500 ഹെക്ടര്‍ സ്ഥലത്ത് കൂ ടി ജൈവകൃഷി വ്യാപിപ്പിച്ചു. ഇവര്‍ക്കായി രണ്ടാം ഘട്ടവും 10,000 രൂപ വീതം ഹെക്ടറിന് നല്‍കി. എന്നാല്‍ ഇക്കുറിയും ജൈവ കൃഷി ഉത്പാദനം വിജയം കണ്ടില്ല. തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കാസര്‍കോടിനെ ജൈവജില്ലയായി പ്രഖ്യാപിച്ച് അവിടെ മാത്രം വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 5.19 കോടിയാണ് അനുവദിച്ചത്. കോടികള്‍ ചെലവിട്ടെന്നല്ലാതെ കസര്‍കോടിനെ സമ്പൂര്‍ണ ജൈവജില്ലയാക്കി മാറ്റാനൊന്നും പദ്ധതിക്ക് കഴിഞ്ഞില്ല.
2013-14 വര്‍ഷത്തിലും വിവിധ പദ്ധതികള്‍ക്കായി കാസര്‍കോട് മാത്രം 940 ലക്ഷം രൂപ ചെലവിട്ടു. ഇതൊന്നും കൂടാതെ കൃഷിഭവന്‍തലത്തിലെ പരിശീലന പരിപാടികള്‍ക്കായും മറ്റുമായി ലക്ഷക്കണക്കിന് രൂപയും ഇക്കാലയളവില്‍ ചെലവഴിക്കപ്പെട്ടു. ജൈവവള നിര്‍മാണത്തിനും മാതൃകാ തോട്ട നിര്‍മാണത്തിനുമെല്ലാം രണ്ട് കോടിയോളം വീ ണ്ടും ചെലവിട്ടു. മണ്ണിര കമ്പോസ്റ്റ്, ‘സേഫ് ടു ഈറ്റ്’ തുടങ്ങിയവക്കെല്ലാമായി പലവഴിക്ക് പല പദ്ധതികള്‍ക്കായി ലക്ഷങ്ങള്‍ പിന്നെയും ചെലവഴിച്ചു. എന്നാല്‍ പദ്ധതികള്‍ ഏറെയുണ്ടായിട്ടും ജൈവപച്ചക്കറി ഉത്പാദനം വേണ്ടവിധം കൂട്ടാനായില്ല. ഇത് ശരിയാണെന്ന് ഉന്നത കൃഷിവകുപ്പുദ്യോഗസ്ഥര്‍ തന്നെ ശരിവെക്കുന്നു. പദ്ധതി നടത്തിപ്പിലുണ്ടായ ചില പോരായ്മകളാണ് ഇതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അന്യസംസ്ഥാന പച്ചക്കറികളുടെ ഇറക്കുമതിയുടെ അളവ് കുറക്കാനായില്ലെങ്കിലും പ്രാദേശിക ഉത്പാദനം കൂട്ടാനായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി നടത്തി വരുന്ന ജൈവപച്ചക്കറി ഉത്പാദനം പൂര്‍ണ ഫലപ്രാപ്തിയിലെത്താതിരിക്കാന്‍ പ്രധാന കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥ പിടിപ്പുകേടാണെന്ന് നേരത്തെ തന്നെ വിമര്‍ശമുയര്‍ന്നിരുന്നു.