സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമാകുന്നു

Posted on: November 24, 2014 4:35 am | Last updated: November 23, 2014 at 11:36 pm

medicinesപാലക്കാട്: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധന അവതാളത്തില്‍. രണ്ടര ലക്ഷത്തിലധികം ബാച്ച് മരുന്നുകളുടെ വിപണനം നടക്കുന്നിടത്ത്, ഒരു വര്‍ഷം പരിശോധിക്കുന്നത് വെറും അഞ്ച് ശതമാനം മരുന്നുകള്‍ മാത്രം.

ഇതില്‍ ഇന്‍സുലിനടക്കമുള്ള വാക്‌സിനുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് യാതൊരു സംവിധാനവുമില്ല. നിലവില്‍ 65000 ബ്രാന്‍ഡുകളിലായി 2,64000ബാച്ച് മരുന്നുകള്‍ സംസ്ഥാനത്ത് ഒരോ വര്‍ഷവും വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതില്‍ പരിശോധിക്കപ്പെടുന്നത് അയ്യായിരത്തില്‍ താഴെ ബാച്ചുകള്‍ മാത്രമാണ്. ഈ വര്‍ഷം ഇതുവരെ പരിശോധിച്ചത് വെറും 3100 സാമ്പിളുകള്‍ മാത്രം. ബാക്കിയുള്ള മരുന്ന് പരിശോധനയില്ലാതെ വിറ്റഴിക്കുന്നത്. മരുന്ന് പരിശോധന ലാബുകളുടെ കുറവും ഉള്ള ലാബുകളിലെ ജീവനക്കാരുടെ കുറവുമാണ് പരിശോധന അവതാളത്തിലാകാന്‍ കാരണമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരമില്ലാത്തതാണെന്നാണ് പറയുന്നത്.
ജീവന്‍രക്ഷാ മരുന്നുകളില്‍ പലതിനും കൃത്യമായ ഫലം ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നുത്. കമ്പനികള്‍ കൊണ്ടുവരുന്ന ലാബ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഏക സര്‍ക്കാര്‍ മാനദണ്ഡമെന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു. പരാതി ഉണ്ടായി പരിശോധിക്കപ്പെടുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി ഫലം വന്നുകഴിയുപ്പോഴേക്കും ആ മരുന്നുകള്‍ രോഗികള്‍ ഉപയോഗിച്ചുകഴിയുന്ന അവസ്ഥയാണുള്ളത്. ഇന്‍സുലിന്‍ , ടെറ്റനസ് അടക്കമുള്ള വാക്‌സിനുകള്‍ എന്നിവയുടെ പരിശോധനയ്ക്കും ഒരു സംവിധാനവും സംസ്ഥാനത്തില്ല. പലപ്പോഴും ആശുപത്രികളിളുണ്ടാകുന്ന മരണത്തിന് കാരണം നിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗമാണെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. ഇത് സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായ മരുന്ന് പരിശോധന നടത്തിയാല്‍ മാത്ര മേ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയിലിറങ്ങുന്നത് തടയാന്‍ സാധിക്കുക.
എന്നാല്‍ സംസ്ഥാനത്ത് മരുന്ന് പരിശോധന കാര്യക്ഷമമല്ലാത്തത് കൊണ്ട് യഥേഷ്ടം ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയിലെത്തുന്നുണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗധര്‍ ചൂണ്ടികാണിക്കുന്നത്.