ടുണീഷ്യന്‍ ജനത ബൂത്തില്‍ ചരിത്രമെഴുതി

Posted on: November 24, 2014 5:39 am | Last updated: November 23, 2014 at 10:40 pm

tunissia pollടുണിസ്: അറബ് വസന്തമെന്ന് വിളിക്കപ്പെട്ട 2011ലെ ഭരണമാറ്റത്തിന് ശേഷം ഇതാദ്യമായി ടുണീഷ്യന്‍ ജനത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് ആറ് മണി വരെ നീണ്ടു. അമ്പത് ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 4,500 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിരുന്നു.
പോളിംഗ് ശതമാനം സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ജനങ്ങള്‍ ആവേശപൂര്‍വം വോട്ട് രെഖപ്പെടുത്തിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ നിന്ന് 1956ല്‍ സ്വതന്ത്രമായ ശേഷം നടക്കുന്ന ആദ്യത്തെ സ്വതന്ത്ര പ്രസിഡന്റ് തിരഞ്ഞെടുപ്പായാണ് ഇന്നലത്തെ വോട്ടെടുപ്പിനെ വിലയിരുത്തുന്നത്. ഭരണമാറ്റ പരമ്പരകള്‍ക്ക് തുടക്കമിട്ട രാജ്യമെന്ന നിലയില്‍ ടുണീഷ്യയിലെ തിരഞ്ഞെടുപ്പിന് വര്‍ധിച്ച പ്രാധാന്യമാണ് ലോക മാധ്യമങ്ങള്‍ നല്‍കുന്നത്.
വിപ്ലവത്തിന് ശേഷം അധികാരം പിടിച്ച ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയായ അന്നഹ്ദക്ക് ഒക്‌ടോബറില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. 27 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മതേതര പാര്‍ട്ടിയായ നിദാ ടുണിസിന്റെ നേതാവ് ബാജി ഖാഇദ് അസ്സബ്‌സിക്കാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അന്നഹ്ദക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരത്തില്‍ പങ്കാളിയായിരുന്ന ഇടതുപാര്‍ട്ടിയായ കോണ്‍ഗ്രസ് ഫോര്‍ റിപ്പബ്ലിക്കിന്റെ നേതാവായ മുന്‍സിഫ് മര്‍സൂക്കിയാണ് അസ്സബ്‌സിയുടെ പ്രധാന എതിരാളി. വോട്ടര്‍മാരുടെ നീണ്ട കാണാമെന്നും ഈ ചെറിയ രാജ്യം ലോകത്തിന് വലിയ ജനാധിപത്യ പാഠങ്ങള്‍ സമ്മാനിക്കുന്നുവെന്നും സൗസാ നഗരത്തിലെ പോളിംഗ് ബൂത്തില്‍ നിന്ന് അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് ഫലം പുറത്ത് വരും. ഒരു സ്ഥാനാര്‍ഥിക്കും അമ്പത് ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കില്‍ അടുത്തമാസം 28ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കും. ആര്‍ക്കും അമ്പത് ശതമാനത്തിന് മേല്‍ വോട്ട് നേടാനാകില്ലെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് തടസ്സം കൂടാതെ നടക്കാന്‍ രാജ്യത്താകെ 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. 22,000 നിരീക്ഷകരുമുണ്ട്. ഇതില്‍ 600 പേര്‍ വിദേശ പൗരന്‍മാരാണ്.