അധിനിവേശ സേന ഒരു വര്‍ഷം കൂടി ; കരാറിന് അഫ്ഗാന്‍ പാര്‍ലിമെന്റിന്റെ അംഗീകാരം

Posted on: November 24, 2014 5:32 am | Last updated: November 23, 2014 at 10:33 pm

us armyകാബൂള്‍: യു എസ്, നാറ്റോ സൈന്യത്തെ രാജ്യത്ത് കൂടുതല്‍ കാലം കഴിയാന്‍ അനുവദിക്കുന്ന കരാറിന് അഫ്ഗാന്‍ പാര്‍ലിമെന്റ് അനുമതി നല്‍കി. താലിബാന്റെ ആക്രമണം മുമ്പത്തേക്കാളധികം ശക്തമാണെന്ന ന്യായം പറഞ്ഞാണ് പാര്‍ലിമെന്റിന്റെ അംഗീകാരം നേടിയെടുത്തത്. 2001ല്‍ താലിബാനെ അധികാര ഭ്രഷ്ടമാക്കുന്നതില്‍ കലാശിച്ച അമേരിക്കന്‍ സംയുക്ത അധിനിവേശം ഈ വര്‍ഷ അവസാനം അവസാരനിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വര്‍ഷം കൂടി വിദേശ സൈനികര്‍ക്ക് അഫ്ഗാനില്‍ തുടരാനുള്ള കരാര്‍ നിലവില്‍ വരുന്നത്. തദ്ദേശീയ സൈന്യത്തെ പരിശീലിപ്പിക്കാനെന്ന പേരില്‍ 12,000 നാറ്റോ, യു എസ് സൈനികരാണ് അഫ്ഗാനില്‍ തുടരുക.
152നെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് അഫ്ഗാന്‍ പാര്‍ലിമെന്റ് കരാറിന് അംഗീകാരം നല്‍കിയത്. അഫ്ഗാന്‍ സുരക്ഷാ സേനയെ വിദേശ സൈനികര്‍ പരിശീലിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റിന്റെ വക്താവ് നസീഫുല്ല സലര്‍സായി പറഞ്ഞു. സുരക്ഷയുടെ ചുമതല അഫ്ഗാന്‍ സൈനികര്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ സുശക്തമായ സാഹചര്യത്തിലേക്ക് നീങ്ങാന്‍ വിദേശ സൈനികരുടെ സഹായം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബറില്‍ അധികാരമേറ്റയുടനെയാണ് പുതിയ പ്രസിഡന്റ് അശ്‌റഫ് ഗനി നാറ്റോ, യു എസ് സൈനിക സാന്നിധ്യ കരാറില്‍ ഒപ്പുവെച്ചത്.
അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും സൈനിക സാന്നിധ്യം കൂട്ടാനുമുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികര്‍ക്ക് തുടരാന്‍ ഒരു വര്‍ഷം കുടി അനുമതി നല്‍കുന്ന കരാറില്‍ അദ്ദേഹം ഒപ്പ് വെക്കുകയും ചെയ്തു. അമേരിക്കന്‍ ജറ്റുകള്‍, ഡ്രോണ്‍ വിമാനങ്ങള്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവ ഒരു വര്‍ഷം കൂടി ഉപയോഗിക്കാനും ധാരണയായി. അഫ്ഗാന്‍ സൈന്യത്തിന് പിന്തുണനല്‍കാനാണ് പുതിയ നീക്കമെന്ന് അമേരിക്ക വാദിക്കുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ കരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യത്തിന്റെ പങ്ക് ഇതുവരെയും വ്യക്തമായിട്ടില്ല. 9,800 പേര്‍ അഫ്ഗാന്‍ സൈന്യത്തിന് പിന്തുണനല്‍കാനും അല്‍ഖാഇദക്കെതിരെ നീക്കം നടത്താനും അഫ്ഗാനിസ്ഥാനില്‍ തന്നെ തുടരുമെന്ന് ഒബാമ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനമായാണ് ഒബാമ അഫ്ഗാനിസ്ഥാനിലെ യുദ്ധം ഈ വര്‍ഷം അവസാനിപ്പിക്കുമെന്നത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ദൗദ്യം പൂര്‍ണമായിട്ടില്ലെന്നും ഇനിയും അമേരിക്കയുടെ ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നും പെന്റഗണ്‍ വാദിക്കുന്നു.