അവര്‍ നിന്നുകൊണ്ട് പൊരുതുകയാണ്

Posted on: November 24, 2014 5:25 am | Last updated: November 23, 2014 at 10:27 pm

nilpu samaramഎഴുപതുകളിലാണ് കെ പാനൂര്‍ ‘കേരളത്തിലെ ആഫ്രിക്ക’ എന്ന കൃതി മലയാളി വായന സമൂഹത്തിന് സമര്‍പ്പിക്കുന്നത്. വയനാട്ടിലെ ആദിവാസി സമൂഹത്തിന്റെ സാംസ്‌കാരികവും വിശ്വാസപരവുമായ ജീവിതത്തെ ആഴത്തില്‍ വരച്ചിട്ട ഒരു കൃതിയായിരുന്നു അത്. നിരവധി വര്‍ഷത്തെ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് കെ പാനൂര്‍ ഈ കൃതി രചിക്കുന്നത്. വയനാടിന്റെ ഉള്‍ക്കാടുകളില്‍ തങ്ങളുടേതായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ച് കഴിയുന്ന ആദിവാസികള്‍ക്കിടയില്‍ താമസിച്ചുകൊണ്ടാണ് പാനൂര്‍ ഈ കൃതി രചിച്ചത്. അതുവരെ മലയാളികള്‍ കേട്ടറിഞ്ഞുമാത്രം പരിചയിച്ച ഗോത്ര ജീവിത രീതിയെക്കുറിച്ചും, കാട്ടുവാസികളെക്കുറിച്ചുള്ള പല മുന്‍ധാരണകളും ഈ കൃതി മാറ്റിയെഴുതി. ആ അര്‍ഥത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു ‘കേരളത്തിലെ ആഫ്രിക്ക’ എന്ന കൃതി. പില്‍ക്കാലത്ത് കുട്ടികള്‍ക്ക് പഠിക്കാനുള്ള ഒരു പാഠപുസ്തകമായും ഇത് മാറി. തുടര്‍ന്നാണ് ആദിവാസി സമൂഹത്തെക്കുറിച്ച് പഠിക്കാനും അവരുടെ ജീവിതത്തിലേക്ക് ചെറുങ്ങനെയെങ്കിലും ഇറങ്ങിച്ചെല്ലാനും നാം തയ്യാറായത്. ഒരു പുസ്തകംകൊണ്ട് കഴിഞ്ഞ വലിയ പരിവര്‍ത്തനമായിരുന്നു അത്. എങ്കിലും അവരുടെ ദൈനംദിന ജീവിതത്തിനോ പ്രശ്‌നങ്ങള്‍ക്കോ ഒരു മാറ്റവും വരുത്താന്‍ ഈ ഇടപെടലുകള്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പുസ്തകമിറങ്ങി അരനൂറ്റാണ്ടിനോടടുക്കുന്ന ഈ കാലത്തും ആദിവാസികള്‍ ഒരു പിടി മണ്ണിനുവേണ്ടിയും ജീവിക്കാന്‍ വേണ്ടിയും നില്‍പ് സമരം പോലെയുള്ള വിചിത്ര സമര മാര്‍ഗങ്ങളെ അവലംബിക്കേണ്ട അവസ്ഥയിലേക്ക് വന്നിരിക്കുന്നു.
ഒരു പ്രാന്തവത്കൃത സമൂഹമെന്ന നിലയില്‍ വയനാട്ടിലെ ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണെന്ന് അവരുടെ ജീവിതം പഠിച്ചവര്‍ക്ക് ബോധ്യപ്പെടും. കാടുമായി ബന്ധപ്പെട്ടുള്ള ജീവിതമാണ് അവരുടേത്. കൃഷിയും, കാട്ടുത്പന്നങ്ങളുമാണ് അവരുടെ ജീവിതോപാധികള്‍. ഇവ രണ്ടിന്റെയും നഷ്ടം ആദിവാസികളുടെ മാനസിക-ശാരീരിക ബോധത്തെയാണ് ബാധിക്കുന്നത്. കാട് വിട്ട് നാട്ടിലെത്തി പൊതുസമൂഹവുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാന്‍ അസാധ്യമാണവര്‍ക്ക്. ഇതെല്ലാം നന്നായി അറിയുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. എന്നാല്‍ ചരിത്രപരമായി, ആദിവാസികളെ തിരസ്‌കരിച്ചുള്ള ഒരു സമീപനമാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കാലാകാലങ്ങളായി നിര്‍വഹിച്ചു വന്നിട്ടുള്ളതെന്നു കാണാം. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ആദിവാസികള്‍ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വോട്ട് ബേങ്കല്ല. ഇനി അവര്‍ ഒരു ശല്യക്കാരുമല്ല. ആര്‍ക്കും ദ്രോഹം ചെയ്യാത്ത നിഷ്‌കളങ്ക ജനതയാണവര്‍. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ ത്രാണിയില്ലാത്തവര്‍. അങ്ങനെ നോക്കുമ്പോഴും ആദിവാസി സമൂഹത്തെ ഗൗനിക്കേണ്ട കാര്യം പാര്‍ട്ടികള്‍ക്കില്ലതന്നെ. എങ്കിലും മുഖം രക്ഷിക്കേണ്ടുന്ന ചില അവസരങ്ങളില്‍ തങ്ങള്‍ ഈ സമൂഹത്തിനുവേണ്ടി സംസാരിക്കുന്നവരാണെന്ന് മിക്ക പാര്‍ട്ടികളും വാചകക്കസര്‍ത്ത് കാട്ടാറുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ മുഖം കാട്ടി വീറോടെ ആദിവാസികള്‍ക്കു വേണ്ടി സംസാരിക്കാനും ഇവര്‍ പിറകിലല്ല.
ലോകത്തിലെ ഏതൊരു സ്ഥലത്തും അധിവസിക്കുന്ന ആദിവാസി സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും ജീവിത പരിസരം വനവുമായി ഇഴചേര്‍ന്നാണ് കിടക്കുന്നത്. കേരളത്തിലെ നാനാജാതി ആദിവാസികളുടെ ജീവിതപരിസരം രൂപപ്പെട്ടത് കാടിന്റെ മടിത്തട്ടിലാണ്. അവിടെ ജനിച്ചു വളര്‍ന്ന ഒരു സമൂഹത്തിന് പൈതൃകമായി ലഭിച്ചതാണ് കൃഷിയിടങ്ങള്‍. ഈ കൃഷിഭൂമിയാണ് പല കാരണങ്ങളാല്‍ അന്യാധീനപ്പെട്ടത്. സര്‍ക്കാറും ജനങ്ങളും ഒരേ സമയം കൃഷിയിടത്തിന്റെ വ്യാപനത്തിനുവേണ്ടി കാട് വെട്ടിത്തെളിയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആരംഭിക്കുന്നു ആദിവാസികളുടെ ദുരിതകാലം. വനത്തിനു മീതെയുള്ള ആധിപത്യത്തിനുവേണ്ടി പല കാലങ്ങളിലായി നടത്തപ്പെട്ട നിയമ നിര്‍മാണങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ് ചെയ്തത്. തിരുവിതാംകൂറില്‍ നിന്ന് നാല്‍പ്പതുകളില്‍ കുടിയേറിയവര്‍ ആദിവാസി ഭൂമി കൈയേറ്റം നടത്തിയതിന് ധാരാളം ചരിത്രരേഖകളുണ്ട്. വയനാടിന്റെ ‘കോളനൈസേഷ’ന്റെ ഭാഗമായി മാത്രം 33,803 ഏക്കര്‍ ആദിവാസി ഭൂമി അവര്‍ക്ക് നഷ്ടപ്പെട്ടതായാണ് ഒരു കണക്ക്. ചരിത്രപരമായി പിന്നോക്കം നിന്ന ഈ വിഭാഗത്തിന്റെ അരികുവത്കരണത്തിന് വ്യാപകമായ ഭൂമി പിടിച്ചടക്കലും, കൈയേറ്റവും കാരണമായെന്നു പറഞ്ഞാല്‍ തെറ്റില്ല. ഭൂഉടമയുടെ മണ്ണില്‍ അടിമകളായി തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ആണ്‍-പെണ്‍ ആദിവാസികള്‍ ശാരീരികമായും, മാനസികമായും പീഡിപ്പിക്കപ്പെട്ടതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. പട്ടിണി കിടന്ന് ഊരുകളില്‍ മരിച്ചുവീണ ഈ ഹതഭാഗ്യര്‍ വര്‍ത്തമാന കാല സാഹചര്യത്തിലും സമാനമായ മരണങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പോഷകാഹാരക്കുറവുമൂലം മരിച്ച കുട്ടികളുടെ കണക്ക് സര്‍ക്കാറിന്റെ കൈയില്‍ പോലുമില്ല. 1950 കളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദിവാസികള്‍ക്കുവേണ്ടി നടത്തിയ സമരങ്ങളും പിന്തുണയും തുടര്‍കാലങ്ങളില്‍ വഴിയില്‍ ഉപേക്ഷിക്കുകയോ, മനഃപൂര്‍വം മറക്കുകയോ ആണ് അവര്‍ ചെയ്യുന്നത്. കുറച്ചെങ്കിലും ആത്മാര്‍ഥമായി ഇവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നം ഗൗരവമായി ഏറ്റെടുത്ത് നടത്തിയത് നക്‌സല്‍ പ്രസ്ഥാനം മാത്രമാണ്. എന്നാല്‍ അവരുടെതന്നെ പ്രവര്‍ത്തന ശൈലിയിലെ പാളിച്ചകളാല്‍ ഒറ്റപ്പെടേണ്ടിവന്നവരാണവര്‍. ആദിവാസികള്‍ക്കിടയില്‍ പോലും വേരുറപ്പിക്കാന്‍ അവര്‍ക്ക് കഴിയാതെപോയതിന് കാരണം അതാണ്.
ആദിവാസികളുടെ വംശഹത്യ അവരുടെതന്നെ പ്രശ്‌നമായാണ് മിക്ക ഭരണകൂടങ്ങളും കാണുന്നത്. അതിനു പിന്നിലെ ഗൂഢ തന്ത്രങ്ങള്‍ പല മനുഷ്യാവകാശ സംഘടനകളും വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ആദിവാസികളുടെ വന്ധ്യംകരണം തന്നെ ഒരുതരത്തിലുള്ള നിശ്ശബ്ദമായ കൊലയാണ്. ഇന്ത്യയിലെ 500ല്‍പരം വരുന്ന ആദിവാസി ഗോത്രങ്ങളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിട്ടുണ്ട്. കേരളത്തിലെത്തന്നെ ഒരു കണക്കെടുക്കാം. 36ല്‍ കൂടുതല്‍ ആദിവാസി വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ഏറ്റവും പ്രാകൃതമായ ജീവിതശൈലി ഇക്കാലവും പിന്‍തുടരുന്ന ചോലനായ്ക്കര്‍ വരെയാണത്. നിലമ്പൂര്‍ കാടുകളിലെ ഒരു വിഭാഗം ആദിവാസികള്‍ 500ല്‍ താഴെ മാത്രമേ ഇപ്പോഴുള്ളൂ. ഇനി ഒരു അരനൂറ്റാണ്ടു കൂടി കഴിഞ്ഞാല്‍ ഇന്ത്യയിലെ പല ആദിവാസി ഗ്രൂപ്പുകളും ഇല്ലാതാകുമെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ ബി ജെ പി ഭരിക്കുന്ന കാലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയ വന്ധ്യംകരണത്തിന് ഏറെയും ഇരകളായി മാറിയത് ആദിവാസികളായിരുന്നു എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ആദിവാസികളുടെ തിരോധാനം കൊണ്ട് ഒരു ജനവിഭാഗം മാത്രമല്ല, നമുക്ക് നഷ്ടമാകുന്നതെന്നോര്‍ക്കണം. അവര്‍ നൂറ്റാണ്ടുകളിലായി ആര്‍ജിച്ചെടുത്ത നാട്ടറിവുകളും, നാട്ടുമരുന്നുകളും വിത്തുകളും നമുക്ക് നഷ്ടപ്പെടുന്നു. 1971ല്‍ നടത്തിയ ജനസംഖ്യാ സര്‍വെയില്‍ വിഷവര്‍, മലയക്കണ്ടി എന്നീ ആദിവാസി ഗോത്രങ്ങള്‍ 1981-ലെ സെന്‍സസില്‍ ഉണ്ടായില്ല. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. പരിസ്ഥിതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ആകുലപ്പെടുന്ന നാം തന്നെയാണ് കുറ്റിയറ്റുപോയ ആദിവാസി സമൂഹത്തെക്കുറിച്ച് നിശ്ശബ്ദരാവുന്നത്.
1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ കൃഷിഭൂമി കൃഷിക്കാരനെന്ന വിപ്ലവകരമായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചിരിക്കുക ആദിവാസികളെ സ്‌നേഹിക്കുന്ന കേരളീയ സമൂഹമാണ്. 1966-67 കാലഘട്ടത്തിലെ ഭൂപരിഷ്‌കരണ നിയമം 10 ലക്ഷത്തിലേറെ മിച്ചഭൂമിയെക്കുറിച്ചുള്ള അറിവിലേക്ക് നമ്മെ നയിച്ചു. പക്ഷേ, ഇത്രയും ഭീമമായ മിച്ചഭൂമി ഒരു വര്‍ഷത്തിനുള്ളില്‍തന്നെ ക്ഷയിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയായത്. രണ്ട് ദശാബ്ദം കൊണ്ട് കേരളത്തിലെ മിച്ചഭൂമി ഒന്നര ലക്ഷമായി ചുരുങ്ങി. ബാക്കി എവിടെ പോയെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്. അനര്‍ഹരുടെ കൈകളിലേക്കാണ് ഇവ എത്തിപ്പെട്ടത്. മിച്ചഭൂമിക്ക് ഏറ്റവും അര്‍ഹതപ്പെട്ട ആദിവാസി സമൂഹം എത്ര ഭയാനകമായാണ് പിന്‍തള്ളപ്പെട്ടതെന്ന് ചരിത്രം പറഞ്ഞുതരും. അതിന്റെ ബലിയാടുകളായി ഇന്നും തുടരുകയാണ് കാടിന്റെ മക്കള്‍.
കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെ വലിയ ഒരു പരിമിതി അതിന്റെ തരംതിരിവിലെ അശാസ്ത്രീയതയായിരുന്നു. കേരളത്തിലെ ആകെ ഭൂമിയെ കൃഷിഭൂയെന്നും തോട്ട ഭൂമിയെന്നും വനഭൂമിയെന്നും തിരിച്ചപ്പോള്‍ പുറത്താക്കപ്പെട്ടത് വനം വീടാക്കിയ ആദിവാസികളാണ്. കാരണം തോട്ടം ഭൂമിക്കും സ്വകാര്യ ഭൂമിക്കും പരിധിയില്ലായിരുന്നു. അത് എത്ര വേണമെങ്കിലുമാകാമെന്നു വന്നു. വനഭൂമിക്കു മീതെ വന്ന പരിധികള്‍ നേരിട്ട് ബാധിച്ചത് ആദിവാസികളെയാണ്. അവര്‍ കാട്ടില്‍ നിന്നും ആട്ടിയിറക്കപ്പെടേണ്ട അവസ്ഥ വന്നു. ആദിവാസികളുടെ ജീവിതവും, അവരുടെ ഭൂമിയെ സംബന്ധിച്ചുള്ള ന്യായവാദങ്ങളും പഠിക്കാന്‍ 1960ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ധേബര്‍ കമ്മീഷനും വലിയതൊന്നും ചെയ്യാന്‍ കഴിയാതെ നോക്കുകുത്തിയായി. 1950 മുതലുള്ള ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കാനുള്ള നിര്‍ദേശം കമ്മീഷനില്‍ നിന്നും ഉണ്ടായെങ്കിലും ഫലത്തില്‍ വന്നില്ല. കേരള നിയമ സഭ പോലും നിയമങ്ങള്‍ പലതും പാസ്സാക്കിയതല്ലാതെ തുടര്‍നടപടികളുടെ മെല്ലെ പോക്ക് ആദിവാസികളെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് എത്തിക്കുകയാണ് ചെയ്തത്. മാത്രവുമല്ല, നൂറ്റാണ്ടുകളായി മണ്ണില്‍ പൊന്നു വിളയിച്ച് ജീവിതം തള്ളിനീക്കിയ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയാല്‍ അതവര്‍ മറിച്ചു വിറ്റ് ചാരായം മോന്തുമെന്ന വരട്ടുന്യായമാണ് സര്‍ക്കാര്‍ പറഞ്ഞു ഫലിപ്പിച്ചത്. ഇതൊക്കെ നിമിത്തം 1957നുശേഷം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയില്‍ എത്ര ഹെക്ടര്‍ അവര്‍ക്ക് തിരിച്ചു നല്‍കി എന്നു ചോദിച്ചാല്‍ സര്‍ക്കാറിന്റെ കൈയില്‍ വ്യക്തമായ ഒരു കണക്കില്ലതന്നെ.
ആദിവാസികള്‍ക്കു ന്യായമായും ലഭിക്കേണ്ട ഭൂമി അവര്‍ക്കു ലഭിക്കുന്നില്ലെന്നു കാണാന്‍ ഒരൊറ്റ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. 2001-ല്‍ കേരളം ഭരിച്ച ആന്റണി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആദിവാസികള്‍ക്കു വേണ്ടി ആവശ്യപ്പെട്ട് ലഭിച്ച ഭൂമിയില്‍ 19,000 ഹെക്ടറില്‍ സര്‍ക്കാര്‍ പൂക്കോട് ഡയറി പ്രൊജക്റ്റ് ആരംഭിക്കുകയാണ് ചെയ്തത്. ആദിവാസികളോട് തെല്ലെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ ചെയ്യേണ്ടതെന്തായിരുന്നു? കിട്ടിയ ഭൂമി അവര്‍ക്കു പതിച്ചു നല്‍കുകയല്ലേ? അങ്ങനെയെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലെ നില്‍പുസമരം നാല്‍പ്പതു ദിവസം പിന്നിടില്ലായിരുന്നു. നഗ്നമായ ഒരു നിയമ ലംഘനത്തിനു മാത്രമല്ല, സര്‍ക്കാര്‍ കൂടുനിന്നത്; മണ്ണിന്റെ മക്കളെ വഞ്ചിക്കുക കൂടിയാണ്. ആദിവാസികള്‍ക്കു അവകാശപ്പെട്ട വനഭൂമി വനേതരമായ ഏതൊരു പദ്ധതിക്കും ഉപയോഗിക്കുന്നത് നഗ്‌നമായ നിയമ വിരുദ്ധ സമീപനമാണെന്ന് അറിയാത്തവരല്ല സര്‍ക്കാര്‍.
1994ലെ വിവാദമായ കുടില്‍ കെട്ടല്‍ സമരം 2001ലെ സെക്രട്ടറിയേറ്റ് സമരം തുടങ്ങി ഒട്ടേറെ സമരമുറകള്‍ ഈ വിഭാഗത്തിന് നടത്തേണ്ടിവന്നത് മേല്‍ പറഞ്ഞ നിയമ നിഷേധത്തിന്റെയും, വഞ്ചനയുടെയും ഫലമാണ്. അതുകൊണ്ട് ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി മുറവിളി കൂടുന്നവര്‍ അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം നിന്നു മരിക്കുന്നതിനു പകരം അവര്‍ക്ക് കിടന്ന് മരിക്കാന്‍ ഒരു തുണ്ട് ഭൂമി നല്‍കുക എന്നതാണ്. ഒപ്പം മരിക്കുന്നവരേയ്ക്കും ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതു കൂടിയാണ്. അതിന് ഈ മണ്ണിന്റെ മക്കള്‍ക്ക് ഭൂമി തന്നെയാണാവശ്യം.