ലഹരിക്കതിരേ മൊബൈല്‍ എക്‌സിബിഷന്‍ ഇന്നാരംഭിക്കും

Posted on: November 24, 2014 5:25 am | Last updated: November 23, 2014 at 9:25 pm

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, ഗാന്ധിജയന്തിയോടനുബന്ധിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് മലബാര്‍ റീജ്യന്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന എക്‌സിബിഷന്‍ ഇന്ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കും. എക്‌സിബിഷന്‍ കാസര്‍കോട്ട് കലക്ടറേറ്റില്‍ രാവിലെ 10 മണിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഫഌഗ് ഓഫ് ചെയ്യും.
മദ്യ-മയക്കുമരുന്ന് ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും മൂല്യച്യുതിയും സാമൂഹ്യ പ്രശ്‌നങ്ങളും എടുത്തുപറയുന്നതോടൊപ്പം ഒരു നാടിന്റെ പ്രചാരണത്തിന്റെന്റ യഥാര്‍ഥ ഊര്‍ജ്ജം തിരിച്ചുപിടിക്കുക എന്നതാണ് എക്‌സിബിഷന്റെ പ്രഥമ ഉദ്ദേശ്യം. പ്രത്യേകം സജ്ജമാക്കിയ ബസ്സില്‍ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗത്തിന്റെ ഭീകരതയും യാഥാര്‍ത്ഥ്യങ്ങളും സമൂഹത്തോട് വിളിച്ചു പറയുന്ന നൂറില്‍പ്പരം ഫോട്ടോകളാണ് കാഴ്ചക്കാര്‍ക്കാരോട് സംവദിക്കുക.
ഇന്ന് രാവിലെ കാസര്‍കോട്ട് ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കുന്ന എക്‌സിബ്ഷന്‍ ഹൊസങ്കടി, ഉപ്പള, ബന്തിയോട്, കുമ്പള, സീതാംഗോളി, ബെദിയഡുക്ക, എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പെര്‍ളയില്‍ സമാപിക്കും. രണ്ടാംദിവസമായ നാളെ ബോവിക്കാനത്തുനിന്നാരംഭിച്ച് ചെര്‍ക്കള, മുളേളരിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചട്ടഞ്ചാലില്‍ സമാപിക്കും. 26ന് പൊയിനാച്ചിയില്‍ നിന്നാരംഭിക്കുന്ന എക്‌സിബിഷന്‍ പെരിയ പുല്ലൂര്‍, മാവുങ്കാല്‍, കാഞ്ഞങ്ങാട് എന്നി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നീലേശ്വരത്ത് സമാപിക്കും. തുടര്‍ന്ന് അയല്‍ ജില്ലയായ കണ്ണൂരിലേയ്ക്ക് തിരിക്കും.
ഒരു ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി പര്യടനം നടത്തുന്ന എക്‌സിബിഷന്‍ കാസര്‍കോട്ട് നിന്നാരംഭിച്ച്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറത്ത് സമാപിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കായി അവസരമൊരുക്കും.