Connect with us

National

വന്ധ്യംകരണത്തിനിടെ മരണം: മരുന്നില്‍ എലിവിഷത്തിന്റെ അംശം സ്ഥിരീകരിച്ചു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ കൂട്ടവന്ധ്യംകരണത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ മരുന്നില്‍ എലിവിഷത്തിനു ചേര്‍ക്കുന്ന രാസവസ്തു തന്നെയെന്ന് സ്ഥിരീകരണം. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. മഹാവീര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി പുറത്തിറക്കിയ സിപ്രോസിന്‍ 500 എന്ന മരുന്നിലാണ് സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തു കണ്ടെത്തിയത്. കോല്‍ക്കത്തയിലെയും ഡല്‍ഹിയിലെയും ലാബുകളിലാണ് മരുന്ന് പരിശോധന നടത്തിയത്.

നേരത്തേ പ്രാഥമിക പരിശോധനയിലും ഇതേ ഫലം തന്നെയാണ് കണ്ടെത്തിയിരുന്നത്. പുതിയ റിപ്പോര്‍ട്ട് പോലീസ് സംഘത്തിന് കൈമാറിയതായും സംസ്ഥാന ആരോഗ്യ മന്ത്രി അമര്‍ അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിലാസ്പുരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ക്യാമ്പില്‍ കഴിഞ്ഞ പത്തിനാണ് വന്ധ്യംകരണത്തെ തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ചത്. 138 പേരെ വിവിധ ആശുപത്രികളിലായി ചികിത്സക്ക് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.