Connect with us

Gulf

സമ്പൂര്‍ണ സാമ്പത്തിക സാക്ഷരതാ പദ്ധതിയുമായി ഐ ബി എം സി ഗ്രൂപ്പ്- ബി എസ് സി സംയുക്ത സംരംഭം

Published

|

Last Updated

ദുബൈ: സാമ്പത്തിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഐ ബി എം സി ഗ്രൂപ്പ്- ബി എസ് സി സംയുക്ത സംരംഭമായി ബില്‍-ഐ ബി എം സി സെന്റര്‍ ഓഫ് എക്‌സലന്‍സ്, യു എ ഇയില്‍ 2015 സമ്പൂര്‍ണ സാമ്പത്തിക സാക്ഷരതാ വര്‍ഷമാക്കി മാറ്റും. ഇതിന്റെ ഭാഗമായി ലോകോത്തര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുമെന്ന് സി ഇ ഒ. പി കെ സജിത്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ തലം മുതല്‍ സാമ്പത്തിക സാക്ഷരത വരുത്തുന്നതിന്റെ ഭാഗമായി യു എ ഇയിലെ സ്‌കൂളുകളില്‍ 2015ല്‍ ഫൈനാന്‍ഷ്യല്‍ ഒളിമ്പ്യാട് സംഘടിപ്പിക്കും. നൂറു ശതമാനം സാമ്പത്തിക സാക്ഷരത ലക്ഷ്യമിടുന്ന പദ്ധതികള്‍ സ്‌കൂള്‍ തലം മുതല്‍ കോര്‍പറേറ്റ് വിദഗ്ധ തലം വരെ തയ്യാറാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ വിദേശ ഇന്ത്യക്കാരടക്കം സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലോകോത്തര സാമ്പത്തിക വിദ്യാഭ്യാസം യു എ ഇയില്‍ നിന്നും നല്‍കുന്നതിന്റെ ആദ്യപടിയായി മിഡില്‍ ഈസ്റ്റ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഇന്റര്‍നാഷനല്‍ പ്രഫഷനല്‍ ഫൈനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാംസ് യു എ ഇയില്‍ ആരംഭിച്ചു. ജോലിക്കാര്‍ക്കും കമ്പനി ഉടമകള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എക്‌സ്‌പോ 2020 അടക്കം വികസന പ്രവര്‍ത്തനങ്ങളുമായി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്ന യു എ ഇയില്‍ സാമ്പത്തിക രംഗത്ത് ലോകോത്തര സാമ്പത്തിക വിദ്യാഭ്യാസം നല്‍കുന്നത് വഴി നിരവധി വിദേശ ഇന്ത്യക്കാര്‍ക്ക് ഈ രംഗത്തെ നൂതനമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ രൂപയുടെ അവസരങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനായി സൗജന്യ ക്ലാസുകളും യു എ ഇയില്‍ ഉടനീളം നല്‍കിവരുന്നുണ്ടെന്നും സജിത്കുമാര്‍ പറഞ്ഞു. ഐ ബി എം സി. സി എം ഒ. പി എസ് അനൂപ്, ബി എസ് ഇ ഇന്‍സ്റ്റിറ്റിയൂട്ട് ലിമിറ്റഡ് എം ഡി ആന്റ് സി ഇ ഒ അംബരീഷ് ദത്ത പങ്കെടുത്തു.