മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതി നീളുന്നു

Posted on: November 23, 2014 1:01 pm | Last updated: November 23, 2014 at 1:01 pm

കല്‍പ്പറ്റ: കാടിനുള്ളില്‍ മാത്രം താമസിക്കാന്‍ ആഗ്രഹിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട കാട്ടുനായ്ക്ക ആദിവാസി കുടുംബങ്ങള്‍ ഒഴിഞ്ഞു പോകാന്‍ വിസമ്മതിച്ചതോടെ കുറിച്യാട് വന ഗ്രാമത്തിലെ മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതി അനിശ്ചിതമായി നീളുന്നു.
കാട്ടിനുള്ളിലെ താമസം ഒഴിഞ്ഞു കൊടുക്കാന്‍ ഓരോ കുടുബത്തിനും പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരത്തുകയായ പത്ത് ലക്ഷം രൂപ വാങ്ങാന്‍ മുപ്പതോളം കാട്ടുനായ്ക്ക കുടുംബങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. കുറിച്യാട് വനത്തിനുള്ളിലെ ജനവാസ കേന്ദ്രത്തില്‍ ആകെ 98 കുടുംബങ്ങളാണുള്ളത്. ഇതില്‍ 30 കുടുംബം ചെട്ടി സമൂഹമാണ്. ബാക്കി ആദിവാസി നായ്ക്ക, പണിയ വിഭാഗങ്ങളാണ്. ഇതില്‍ ചെട്ടിമാരുടെ മുഴുവന്‍ കുടുംബങ്ങളും 11 ആദിവാസി കുടുബങ്ങളും 27 ആദിവാസി നായ്ക്ക കുടുംബങ്ങളും ഒഴിഞ്ഞു പോകാന്‍ വിസമ്മതിച്ചതോടെ ഈ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുകയില്‍ നിന്ന് ആറ് ലക്ഷം രൂപ വീതം നല്‍കി. വീടുകള്‍ പൊളിച്ചു പോകുന്നതോടെ ബാക്കി തുകയും നല്‍കും. വന്യമൃഗങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്ത് നിന്ന് പോകാന്‍ തയ്യാറായവരെ ഒഴിപ്പിച്ചാല്‍ ബാക്കിയുള്ളവരും സ്വയം സന്നദ്ധരാവുമെന്നാണ് വനം വകുപ്പ് കണക്ക് കൂടുന്നത്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണ് മാറ്റി പ്പാര്‍പ്പിക്കല്‍ നടന്നു വരുന്നത്. നാല് കിലോ മീറ്ററോളം വനത്തിലൂടെ സഞ്ചരിച്ച് വേണം ഇവരുടെ താമസ സ്ഥലത്തെത്താന്‍. ഇത്രമാത്രം ദുര്‍ഘടം പിടിച്ച സ്ഥലമായിട്ടും നായ്ക്ക കുടുംബങ്ങള്‍ മാറാന്‍ തയ്യാറല്ല. കാടിനുള്ളിലെ ജീവിതമാണ് ഇവര്‍ക്ക് പുറം ലോകത്തേക്കാള്‍ ഏറെ ഇഷ്ടം. മുഴുവന്‍ പേരും ഒഴിഞ്ഞ് പോയാല്‍ 150 ഏക്കര്‍ വയല്‍ വനമായി മാറും. കോളൂര്, അമ്മ വയല്‍,കൊട്ടങ്കര വന ഗ്രാമത്തില്‍ മാറ്റി പാര്‍പ്പിക്കല്‍ പൂര്‍ത്തിയായി. 150 ഏക്കര്‍ സ്ഥലം വനമായി മാറി. മാറ്റിപ്പാര്‍പ്പിക്കല്‍ പദ്ധതി തുടങ്ങിയതിന് ശേഷം ആദിവാസികള്‍ ഒഴിഞ്ഞു പോകാന്‍ വിസമ്മതിക്കുന്നത് ആദ്യമായാണ്.