കൂടുതല്‍ അറിയാന്‍ കാത്തിരിക്കാം

Posted on: November 23, 2014 5:55 am | Last updated: November 22, 2014 at 11:57 pm

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡപ്യൂട്ടി കലക്ടറായി സര്‍വീസില്‍ കയറുകയും തുടര്‍ന്ന് ഐ എ എസ് നേടുകയും ചെയ്ത ഇദ്ദേഹത്തിന് 35 വര്‍ഷത്തെ സര്‍വീസുണ്ട്. വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വെള്ളിയാഴ്ച ആറ്മണിക്കൂറിലേറെ നേരം ചോദ്യംചെയ്ത ശേഷമാണ് സൂരജിനെ സസ്‌പെന്‍ഡ് ചെയ്തത്. ‘നിയമം നിയമത്തിന്റെ വഴിക്ക് പോകുമെ’ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചപ്പോള്‍ തനിക്കെതിരായ നടപടിയെ നിയമപരമായി നേരിടുമെന്നും തെളിവുണ്ടെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നുമായിരുന്നു സൂരജിന്റെ നിലപാട്. സംസ്ഥാനത്തെ മൂന്ന് കോടി ഇരുപത്തഞ്ച് ലക്ഷം ജനങ്ങളില്‍ താന്‍ മാത്രമാണ് കുറ്റക്കാരനെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത്- വലത് മുന്നണികള്‍ മാറി മാറി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് മുന്നണി ഭേദമന്യേ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമുള്ളതിനാല്‍ അദ്ദേഹം സുപ്രധാനമായ മിക്കവാറും എല്ലാ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി സൂരജ് വിജിലന്‍സിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ നിലവിലുള്ള സാഹചര്യത്തില്‍, അവക്കെല്ലാം ശാസ്ത്രീയമാംവിധം തെളിവുകള്‍ ശേഖരിക്കുന്നതില്‍ വിജിലന്‍സ് നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു. വിജിലന്‍സിന്റെ കണ്ണുകള്‍ തനിക്ക് പിന്നാലെയുണ്ടെന്നറിഞ്ഞ ശേഷവും ഒരു ദേശസാത്കൃത ബേങ്കിലെ ലോക്കറില്‍ നിന്ന് സ്വത്ത്‌സംബന്ധമായ രേഖകളും മറ്റും എടുത്തുമാറ്റാന്‍ സൂരജിന് കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ ആരേയും ഞെട്ടിക്കുന്നതാണ്.
ക്വാറി ഉടമകളില്‍ നിന്ന് 17 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപണ വിധേയനായ പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ഒരാഴ്ച തികയും മുമ്പാണ് ടി ഒ സൂരജ് നടപടിക്ക് വിധേയനായത്. രാഹുല്‍ അഴിമതി നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്നും, അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍, ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന പോലീസിലെ പല ഉന്നതരും ക്വാറി മാഫിയക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില ക്വാറി ഉടമകളും, ഐ ജി മനോജ് എബ്രഹാമും മറ്റുമാണെന്ന് കേസന്വേഷിക്കുന്ന വിജിലന്‍സ് ഡി വൈ എസ് പി വേണുഗോപാലന് നല്‍കിയ മൊഴിയില്‍ രാഹുല്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍വീസില്‍ മര്‍മസ്ഥാനങ്ങളിലിരിക്കുന്നവര്‍ അഴിമതിക്കാരാണെന്ന് വരുന്നത് സംസ്ഥാന സര്‍ക്കാറിന് തന്നെ അപമാനമാണ്. മൂന്നര പതിറ്റാണ്ട് സംസ്ഥാന സര്‍വീസിലുള്ള തനിക്ക് പലകാര്യങ്ങളും അറിയാമെന്നും സമയമാകുമ്പോള്‍ പ്രതികരിക്കുമെന്നും സൂരജ് പറയുമ്പോള്‍, അത് പലരേയും മനസില്‍ വെച്ചുകൊണ്ടാണെന്ന് തീര്‍ച്ച. തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ നടപടി എടുക്കട്ടേയെന്ന സൂരജിന്റെ പ്രസ്താവന സര്‍ക്കാറിനോടുള്ള വെല്ലുവിളിയായി തന്നെവേണം കരുതുക. തനിക്കുള്ള രാഷ്ട്രീയ പിന്‍ബലത്തിന്റെ ശക്തിയും ഇതിലൂടെ വ്യക്തമാക്കുകയാണ്.
സോളാര്‍ ഇടപാട്, ബാര്‍ കോഴ തുടങ്ങി ഗൗരവ സ്വഭാവമുള്ള ആരോപണങ്ങളെ നേരിടുന്ന സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്നതാണ് സൂരജിനും രാഹുല്‍ ആര്‍ നായര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ‘ഞങ്ങള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും, അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും’ പറയുന്നവരെ മുഖവിലക്കെടുക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അധികമാര്‍ക്കും കഴിയില്ല. സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ ‘റിലയന്‍സ്’ അവരുടെ 4 ജി കണക്ഷന് വേണ്ടി സംസ്ഥാനത്ത് റോഡ് കാബിളിംഗ് നടത്തുന്നത് എങ്ങിനെ?. ബന്ധപ്പെട്ട മന്ത്രി അറിയാതെ വകുപ്പ് സെക്രട്ടറി അതിനായി ഉത്തരവ് പുറപ്പെടുവിക്കുകയും മന്ത്രി ചൊടിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇത് കടലാസില്‍ കിടക്കുന്ന കാര്യം. പക്ഷെ ഇപ്പോഴും റോഡ് കാബിളിംഗ് തുടരുന്നു. അതും സൗജന്യമായി!. ആന്ധ്രാപ്രദേശില്‍ ഒരു കിലോമീറ്റര്‍ റോഡ് കാബിളിംഗിന് നിശ്ചയിച്ച നിരക്ക് 32,000 രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കിലോമീറ്ററിന് 800 രൂപ നിരക്ക് നിശ്ചയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത് സൗജന്യമായാണെന്നാണ് വിവരം. ഇത് സംബന്ധിച്ചെല്ലാം ദുരൂഹതകള്‍ നിലനില്‍ക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ നടത്താനാവുന്ന കാര്യങ്ങളാണോ ഇതെല്ലാം. ജനം അറിയാന്‍ കാത്തിരിക്കുന്ന വിവരങ്ങളാണ് ഇതെല്ലാം. അതിനായി നമുക്ക് കാത്തിരിക്കാം.