Connect with us

Kerala

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 400 മലയാളി നഴ്‌സുമാര്‍ മടങ്ങുന്നു

Published

|

Last Updated

കോട്ടയം: റിക്രൂട്ടിംഗ് ഏജന്‍സിയുടെ കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 450 ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയില്‍. 400 പേര്‍ മലയാളി നഴ്‌സുമാരാണ്. 80 പേര്‍ നാല് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. എട്ട് മുതല്‍ 12 ലക്ഷം വരെ സര്‍വീസ് ചാര്‍ജായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയാണ് നഴ്‌സുമാര്‍ കുവൈത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എജന്‍സി മുഖേനയാണ് റിക്രൂട്ടിംഗ് നടന്നത്. കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് കരാര്‍ എടുത്തിരിക്കുന്നത് അല്‍ഇസ എന്ന കുവൈത്തിലെ സ്വകാര്യ എജന്‍സിയാണ്. നിലവില്‍ അല്‍ഇസയും കുവൈത്ത് ആരോഗ്യമന്ത്രാലയവും തമ്മിലുള്ള കരാര്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. .കുവൈത്ത് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന യോഗ്യതാപരീക്ഷകള്‍ പാസായതിന് ശേഷം ജോലിയില്‍ പ്രവേശിച്ചവരാണ് എല്ലാവരും.
കരാര്‍ നഷ്ടപ്പെട്ടതോടെ നഴ്‌സുമാരെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് അല്‍ഇസ. പലര്‍ക്കും ഹോസ്റ്റല്‍ സൗകര്യം പോലും നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങിക്കൊള്ളാന്‍ അല്‍ഇസ മാനേജ്‌മെന്റിന്റെ സമ്മര്‍ദം മുറുകിയിരിക്കുകയാണ്. ഭീഷണിയും ശക്തമായുണ്ട്. എന്നാല്‍ നാട്ടില്‍ ലക്ഷങ്ങള്‍ കടം വാങ്ങി എജന്‍സിക്ക് നല്‍കിയാണ് നഴ്‌സുമാര്‍ ജോലി സമ്പാദിച്ചത്. കടം പോലും അടച്ചു തീരുംമുമ്പെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തൊഴില്‍ ഭീഷണി നേരിട്ടതോടെ നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു. എംബസി ആദ്യഘട്ടത്തില്‍ ചില ഇടപെടില്‍ നടത്തിയെങ്കിലും പിന്നീട് പ്രശ്‌ന പരിഹാരത്തിന് ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് നഴ്‌സുമാരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് അന്യനാട്ടില്‍ നഴ്‌സുമാര്‍ നിസ്സഹായാകരായാരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ രംഗത്തെയിട്ടുണ്ട്.
ഈ സംഘടനയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രവിദേശ കാര്യ മന്ത്രി സുഷമസ്വരാജിന് കഴിഞ്ഞ ദിവസം നിവേദനം നല്‍കി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കിട്ടുണ്ട്.