Connect with us

Kerala

അഞ്ച് ജില്ലകളെ മന്ത് രോഗ മുക്തമായി പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ആലപ്പുഴ:സംസ്ഥാനത്തെ അഞ്ച് ജില്ലകളെ മന്ത് രോഗ മുക്ത ജില്ലയായി പ്രഖ്യാപിച്ചേക്കും. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ മന്ത് രോഗത്തിന്റെ അണുക്കളുടെ സാന്നിധ്യം തീരെയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ ജില്ലകളെ ലോകാരോഗ്യ സംഘടന മന്ത് രോഗ മുക്തമായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
2006നും 2011നും ഇടയില്‍ ഈ ജില്ലകളില്‍ ജനിച്ച കുട്ടികളിലാണ് സര്‍വേ നടത്തിയത്.മുതിര്‍ന്നവരില്‍ മന്ത് രോഗത്തിന്റെ അണുക്കള്‍ ഇല്ലെന്ന് നേരത്തെ ഉറപ്പാക്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് കുട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഇപ്പോള്‍ കുട്ടികളിലും മന്ത് രോഗത്തിന്റെ അണുക്കള്‍ കാണാനില്ല.കേരളത്തില്‍ മന്ത് രോഗനിയന്ത്രണത്തിനായി വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളൊഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ സമൂഹ മരുന്ന് വിതരണ (എംഡിഎ) പദ്ധതി നടത്തിയിരുന്നു.2006ല്‍ ആരംഭിച്ച പദ്ധതി ഇപ്പോഴും തുടരുകയാണ്.എന്നാല്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം പദ്ധതി നടത്തിയില്ല.ഇവിടങ്ങളില്‍ രോഗികളിലാരിലും മന്ത് വിരകളെ കണ്ടെത്താതിരുന്നതാണ് എം ഡി എസ് പദ്ധതി കഴിഞ്ഞ വര്‍ഷം നടത്താതിരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഈ സാഹചര്യത്തില്‍ ഈ അഞ്ച് ജില്ലകളെ മന്ത് രോഗ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ലോകാരോഗ്യ സംഘടനയെ സമീപിച്ചിരിക്കുകയാണ്.ഇതിനായി അടുത്ത വര്‍ഷം കൂടി ട്രാന്‍സ്മിഷന്‍ അസസ്‌മെന്റ് സര്‍വേ(ടാസ്) നടത്താന്‍ ആരോഗ്യവകുപ്പിന് ലോകാരോഗ്യസംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രസ്തുത സര്‍വേയിലും രോഗാണുക്കളെ കാണ്ടില്ലെങ്കില്‍ ഈ ജില്ലകളെ മന്ത് രോഗ മുക്ത ജില്ലകളായി പ്രഖ്യാപിക്കും.സംസ്ഥാനത്തെ മറ്റ് ആറ് ജില്ലകളിലും ഇപ്പോഴും മന്ത് രോഗത്തെ പ്രതിരോധിക്കാനുള്ള എം ഡി എസ് പ്രകാരം സമൂഹമരുന്ന് വിതരണം പദ്ധതി നടന്നുവരുന്നു.

Latest