ഇന്ത്യയിലെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍: രാജ്‌നാഥ് സിംഗ്

Posted on: November 22, 2014 9:11 pm | Last updated: November 22, 2014 at 9:11 pm

rajnath singhന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ സംരക്ഷിക്കുന്നത് പാകിസ്ഥാനാണ്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ദാവൂദ് ഇ്ബ്രാഹീമുള്ളതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് രാജ്‌നാഥ് സിംഗ് പാകിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

പാകിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇതിനായുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയാറായിട്ടില്ല. ദാവൂദ് ഇബ്രാഹീമിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോഴും പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുഖമായി കഴിയുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.