ബാര്‍ കോഴ: കെ എം മാണിക്ക് യു ഡി എഫിന്റെ പിന്തുണ

Posted on: November 22, 2014 6:08 pm | Last updated: November 23, 2014 at 12:05 pm

udfകൊച്ചി: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ എം മാണിക്ക് യു ഡി എഫ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ബാര്‍ ഉടമയുടെ ആരോപണം കളവാണ്. മദ്യ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്ന് ബാറുടമകള്‍ സര്‍ക്കാറിനെതിരെ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഈ തീരുമാനത്തില്‍ അംഗമായ എല്ലാ നേതാക്കളുടെ പേരിലും രാഷ്ട്രീയ പകപോക്കലിന് സാധ്യതയുണ്ടെന്നും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. യു ഡി എഫ് യോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാതയോരത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന ഹൈക്കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ പോകില്ല. 139 ഔട്ട്‌ലെറ്റുകളും ഘട്ടം ഘട്ടമായി പൂട്ടും. എട്ട് ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ യോഗം തീരുമാനിച്ചതായും തങ്കച്ചന്‍ പറഞ്ഞു.