വേങ്ങര ഉപജില്ല വിഭജനമായില്ല

Posted on: November 22, 2014 10:26 am | Last updated: November 22, 2014 at 10:26 am

വേങ്ങര: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ വേങ്ങര ഉപജില്ല ഇനിയും വിഭജനമായില്ല. ഇത്തവണയും ഉപജില്ലാ കലോത്സവത്തിന് മുമ്പ് പഞ്ചായത്ത് തല മത്സരങ്ങള്‍ നടത്തിയാണ് ഉപജില്ലാ മത്സരത്തിന് തിരഞ്ഞെടുത്തത്.
വേങ്ങര, കണ്ണമംഗലം, ഊരകം, ഏ ആര്‍ നഗര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, പറപ്പൂര്‍, എടരിക്കോട്, ഒതുക്കുങ്ങല്‍, തെന്നല ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വിശാലമായ പരിധിയാണ് വേങ്ങര ഉപജില്ലക്കുള്ളത്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ 136 സ്‌കൂളുകള്‍ ഉപജില്ലയിലുണ്ട്. ഈ സ്‌കൂളുകളുടെ നിയന്ത്രണം തന്നെ ഏറെ ബുദ്ധിമുട്ടിയാണ് അധികൃതര്‍ നടത്തുന്നത്. ഉപജില്ലാ സ്‌കൂള്‍ കലോത്സവം തന്നെ കൂടുതല്‍ ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിക്കാറുള്ളത്.
കലോത്സവത്തിലെ ബുദ്ധിമുട്ട് കുറക്കാനായി 2001 മുതല്‍ മേഖലയിലെ പത്ത് പഞ്ചായത്തുകളിലും പഞ്ചായത്തിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് കലോത്സവങ്ങള്‍ നടത്തി വിജയികളെ ഉപജില്ലയിലേക്ക് തിരഞ്ഞെടുത്ത് മത്സരാര്‍ഥികളുടെ എണ്ണം കുറക്കുകയാണ് ചെയ്യുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ പ്രൈമറി തലത്തില്‍ ആവശ്യമെങ്കില്‍ സ്‌ക്രീനിംഗ് നടത്തി മത്സരാര്‍ഥികളെ പങ്കെടുപ്പിക്കാമെന്ന ചട്ടത്തിന്റെ മറവിലാണ് ഇത്തരത്തില്‍ മത്സരം നടത്തുന്നത്. വേങ്ങര ഉപജില്ലയെ വിഭജിക്കണമെന്ന വിവിധ അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല രൂപവത്കരിക്കുമ്പോള്‍ ആവശ്യം പരിഹരിക്കുമെന്ന് കരുതിയെങ്കിലും വേങ്ങര ഉപജില്ലാ വിഭജനം എങ്ങുമെത്തിയിരുന്നില്ല. കോട്ടക്കല്‍ കേന്ദ്രീകരിച്ച് പുതിയ ഉപജില്ല രൂപവത്കരിക്കാനും ഒതുക്കുങ്ങല്‍, പറപ്പൂര്‍, തെന്നല പഞ്ചായത്തുകളെ കോട്ടക്കലിലേക്ക് മാറ്റാനും നേരത്തെ പ്രപ്പോസല്‍ വന്നിരുന്നെങ്കിലും വകുപ്പുതലത്തില്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ല. അടുത്ത അധ്യയന വര്‍ഷമാരംഭിക്കുന്നതിന് മുമ്പെങ്കിലും വേങ്ങര ഉപജില്ലയെ വിഭജിച്ചാല്‍ പഠന പാഠ്യേതര വിഷയങ്ങള്‍ക്ക് ഏറെ സൗകര്യങ്ങളൊരുക്കാനാകുമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നു.