സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ വീണ്ടും 1000 കോടി കടമെടുക്കുന്നു

Posted on: November 22, 2014 12:12 am | Last updated: November 22, 2014 at 12:12 am

k m maniതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു വിപണിയില്‍ നിന്ന് വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ 1000 കോടി രൂപയുടെ കടപത്രം കൂടി ഉടന്‍ പുറപ്പെടുവിക്കും. ഇതിന്റെ ലേലം വരുന്ന ഈ മാസം 25ന് മുംബൈ ഫോര്‍ട്ടിലെ റിസര്‍വ് ബാങ്കില്‍ നടക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ സര്‍ക്കാര്‍ കടമെടുത്ത തുക 9400 കോടിരൂപയായി മാറും.
വ്യവസ്ഥകള്‍ പ്രകാരം ഒരു സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാറിന് കടമെടുക്കാവുന്ന പരിധി മറികടന്നാണ് കടപത്രത്തിലൂടെയുള്ള ധനസമാഹരണം സര്‍ക്കാര്‍ ഇതുവരെ നടത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ കണക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് 2,000 കോടിയുള്‍പ്പെടെ 13,950 കോടിരൂപ മാത്രമേ കടപ്പത്രമിറക്കി സമാഹരിക്കാന്‍ സംസ്ഥാനത്തിന് നിര്‍വാഹമുള്ളൂ. നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസം ബാക്കിനില്‍ക്കെ വിവിധ പദ്ധതി വിഹിതങ്ങള്‍ക്കായി സര്‍ക്കാരിന് ഇനി 2550 രൂപ കൂടിയേ കടമെടുക്കാന്‍ കഴിയൂ. അടുത്ത മാസം മുതല്‍ പദ്ധതി നിര്‍വഹണചെലവുകള്‍ക്ക് ആവശ്യമായ തുക എങ്ങനെ സമാഹരിക്കുമെന്ന കാര്യത്തില്‍ സാര്‍ക്കാറിന് യാതൊരു വ്യക്തതയുമില്ല.