സാര്‍ക്ക് സമ്മേളനത്തിന് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Posted on: November 22, 2014 4:55 am | Last updated: November 21, 2014 at 11:56 pm

saarcകാഠ്മണ്ഡു: ഈ മാസം 27, 28 തീയതികളില്‍ നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിന് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഉച്ചകോടിക്കെത്തുന്ന വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകളിലെ സജ്ജീകരണങ്ങള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള നേരിട്ട് വിലയിരുത്തി. വിദേശ പ്രതിനിധികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന് അദ്ദേഹം നേരിട്ടാണ് താത്പര്യമെടുക്കുന്നത്. സാര്‍ക്ക് രാഷ്ട്രത്തലവന്മാര്‍ക്ക് കനത്ത സുരക്ഷയുള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. സമ്മേളനത്തിന്റെ മുന്നോടിയായി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന് പുതിയ മുഖം കൈവന്നിട്ടുണ്ട്.
മുഴുവന്‍ റോഡുകളും അറ്റകുറ്റപ്പണി നടത്തി ആകര്‍ഷകമാക്കിയിട്ടുണ്ട്. സൗരോര്‍ജ വിളക്കുകള്‍ തെരുവുകളില്‍ സ്ഥാപിച്ചു. പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വെള്ള പൂശിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എട്ട് സാര്‍ക്ക് രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ പതാകകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ പ്രധാന വേദിയായ സിറ്റി ഹാളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എല്ലാ വേദികള്‍ക്കും തലസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്ക് നേപ്പാള്‍ സൈന്യത്തിന് പുറമെ നേപ്പാള്‍ പോലീസും രംഗത്തുണ്ട്. സമ്മേളനം നടക്കുന്ന രണ്ട് ദിവസവും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും സുരക്ഷാ കാരണങ്ങളുടെ പേരിലും 24 മുതല്‍ നാല് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും.
പാക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച മോട്ടോര്‍ വെഹിക്കിള്‍ അഗ്രീമെന്റില്‍ സമ്മേളനത്തിനിടെ ഇന്ത്യ ഒപ്പുവെച്ചേക്കും.
ഇതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയിലുള്ള മോട്ടോര്‍ വെഹിക്കിള്‍ അഗ്രീമെന്റിന് സാര്‍ക്ക് രാജ്യങ്ങള്‍ വര്‍ഷങ്ങളായി പരിശ്രമിച്ചു വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.