Connect with us

National

800 വര്‍ഷത്തിന് ശേഷം ഭരണം ഹിന്ദുവിന്റെ കൈകളില്‍: സിംഗാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: 800 വര്‍ഷത്തിന് ശേഷം ഡല്‍ഹിയുടെ ഭരണം അഭിമാനിയായ ഹിന്ദുവിന്റെ കൈകളില്‍ എത്തിയെന്ന വി എച്ച് പി നേതാവ് അശോക് സിംഗാളിന്റെ പ്രസ്താവന വിവാദമായി. ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിംഗാള്‍. ബലഹീനതകളില്‍ നിന്ന് മുക്തരായി ഇന്ത്യയെ ലോകനേതാവാക്കാന്‍ ഹിന്ദു സമുദായം യത്‌നിക്കണമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നേടിയ വിജയത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു സിംഗാള്‍. ഡല്‍ഹിയിലെ അധികാരം 800 വര്‍ഷത്തിന് ശേഷം ഹിന്ദു സ്വാഭിമാനിയുടെ കൈകളില്‍ എത്തിയിരിക്കുന്നു. “നിര്‍ഭയ ഹിന്ദു, അജയ്യനായ ഹിന്ദു” എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് 1964ല്‍ വി എച്ച് പി സ്ഥാപിതമായത്. പൃഥ്വിരാജ് ചവാന്റെ കൈകളില്‍ നിന്ന് ഡല്‍ഹിയുടെ അധികാരം നഷ്ടപ്പെട്ടതിന് ശേഷം 800 വര്‍ഷം പിന്നിട്ടപ്പോഴാണ് അഭിമാനിയായ ഹിന്ദുവിന് ലഭിച്ചത്. സിംഗാള്‍ പറഞ്ഞു.
2009ല്‍ എല്‍ ടി ടി ഇയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിട്ടും ശ്രീലങ്കയിലെ ഹിന്ദു സമുദായം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയായില്ലെന്ന് ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരന്‍ പറഞ്ഞു. മനവിജ്ഞാനം വികസിപ്പിക്കുകയും മാനവികതയുടെ ഏകാത്മകത ഓര്‍മിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് തിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ പറഞ്ഞു.
മാനവികതയുടെ ഏകതാത്മകത തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും ഹിന്ദു സമുദായത്തിന് ഈ സന്ദേശം ലോകത്തിന് സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞു. ഹിന്ദുവെന്നാല്‍ എല്ലാ നാനാത്വങ്ങളിലും ഏകത്വം അന്വേഷിക്കുന്നവനാണ്. ഉയരൂ, ഉണരൂ, ലക്ഷ്യം നേടിയട്ടല്ലാതെ പിന്‍മാറരുതെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ ശക്തി ലോകത്തിന് കാണിച്ചു കൊടുക്കാം. ലോകത്തെ പഠിപ്പിക്കുകയെന്നത് ഇന്ത്യയുടെ പാരമ്പര്യമാണ്. ഭഗവത് പറഞ്ഞു.
40 രാഷ്ട്രങ്ങളില്‍ നിന്നായി 1800 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Latest