സിന്‍ഹക്ക് പ്രഹരം

Posted on: November 22, 2014 5:10 am | Last updated: November 21, 2014 at 11:10 pm

2 ജി സ്‌പെക്ട്രം അഴിമതിക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ ഒഴിവാക്കിയ സുപ്രീംകോടതി തീരുമാനം സിന്‍ഹക്ക് മാത്രമല്ല ഈ കുറ്റാന്വേഷണ ഏജന്‍സിക്ക് തന്നെയും കനത്ത ആഘാതമാണ്. 2 ജി കേസില്‍ പ്രതിസ്ഥാനത്തുള്ള റിലയന്‍സ് ടെലികോമിന്റെയും ഹിമാചല്‍ ഫ്യൂച്ചറിസ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെയും പ്രതിനിധികള്‍ക്ക് സിന്‍ഹ തന്റെ വസതിയില്‍ കൂടിക്കാഴ്ച അനുവദിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന്, സി ബി ഐയുടെ വിശ്വാസ്യത തകരാതിരിക്കാന്‍ അദ്ദേഹം മാറിനില്‍ക്കേണ്ടത് അനിവാര്യമാണെന്നതാണ് കോടതിയുടെ നിലപാട്. സിന്‍ഹ സ്ഥാനത്ത് തുടര്‍ന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് കോടതി സന്ദേഹം പ്രകടിപ്പിക്കുകയുമുണ്ടായി.
സത്യസന്ധമായ അന്വേഷണങ്ങളിലൂടെ സങ്കീര്‍ണമായ പല കേസുകളുടെയും കുരുക്കഴിച്ച കുറ്റാന്വേഷണ ഏജന്‍സിയാണ് സി ബി ഐ. ഇതുവഴി ജനങ്ങളുടെ വിശ്വാസ്യതയും സി ബി ഐ ആര്‍ജിച്ചിരുന്നു. എന്നാല്‍ ഹവാല കുംഭകോണം, ബോഫോഴ്‌സ്, കല്‍ക്കരിപ്പാടം, 2ജി സ്‌പെക്ട്രം തുടങ്ങി രാഷ്ട്രീയത്തിലെ പ്രമുഖരും കോര്‍പറേറ്റ് താപ്പാനകളും പ്രതികളായ പലകേസുകളിലും അേന്വഷണോദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വഴിവിട്ട നീക്കങ്ങള്‍ സി ബി ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയാണ്. 1990കളിലെ ഹവാല കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ വന്‍തോക്കുകളെല്ലാം രക്ഷപ്പെട്ടത് സി ബി ഐ ഒരുക്കിയ പഴുതുകളിലൂടെയായിരുന്നു. ബോഫോഴ്‌സ് കുംഭകോണത്തില്‍ ഒട്ടാവിയോ ക്വത്‌റോച്ചിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഇന്റര്‍പോള്‍ ഒഴിവാക്കിയത് സി ബി ഐ ഇടപെടല്‍ മൂലമാണത്രെ. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ സര്‍ക്കാറിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതിന്റെ പേരില്‍ 2013 മേയില്‍ സി ബി ഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. വ്യവസായ പ്രമുഖന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് നിയമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ കാണിച്ച തിടുക്കത്തില്‍ ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയുടെ കടുത്ത വിമര്‍ശനത്തിനും സി ബി ഐ വിധേയമായി. രാഷ്ട്രീയ നേതൃത്വങ്ങളുടെയും കുത്തകകളുടെയും സമ്മര്‍ദങ്ങള്‍ക്ക് സി ബി ഐ വഴങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ സംഭവങ്ങള്‍.
രഞ്ജിത്ത് സിന്‍ഹ നേതൃസ്ഥാനത്ത് വന്ന ശേഷമാണ് സി ബി ഐക്ക് കോടതിയുടെ പഴി കൂടുതല്‍ കേള്‍ക്കേണ്ടി വന്നതും ഈ ഏജന്‍സിയുടെ വിശ്വാസ്യത പാടേ തകര്‍ന്നതും. അമര്‍പ്രതാപ് സിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് 2012 ഡിസംബര്‍ രണ്ടിനാണ് സിന്‍ഹ സിബിഐ മേധാവിയായി നിയമിതനായത്. ബിഹാര്‍ കേഡറിലെ 1974 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുമ്പേ തന്നെ കൃത്യവിലോപത്തിന് വിമര്‍ശിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ കാലിത്തീറ്റ അഴിമതിക്കേസ് ലാലുപ്രസാദ് യാദവിന് അനുകൂലമായി അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി പാറ്റ്‌ന കോടതി അന്വേഷണ സംഘത്തില്‍ നിന്ന് സിന്‍ഹയെ ഒഴിവാക്കിയിരുന്നു. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായപ്പോള്‍, റെയില്‍വേ സംരക്ഷണ സേനയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം നല്‍കി സിന്‍ഹക്ക് അദ്ദേഹം പ്രത്യുപകാരവും ചെയ്തു. സി ബി ഐ മേധാവിയായി ചുമതല ഏറ്റെടുത്തതിന് ശേഷം സിന്‍ഹ ആദ്യമായി ചെയ്തത് കാലിത്തീറ്റ അഴിമതി കേസ് അന്വേഷിച്ച നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നുവെന്നത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഭരണഘടനാ പദവിയുള്ള ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും സുതാര്യവും സ്വകാര്യ ജീവിതം സംശയാതീതവുമായിരിക്കണം. സിന്‍ഹയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനപവാദമായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ റിലയന്‍സിന്റെ പ്രതിനിധികള്‍ 50 തവണയെങ്കിലും സിന്‍ഹയുടെ വസതി സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമര്‍ഥിക്കുന്നത്. ഇത് വസ്തുതാപരമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുമാണ്. സി ബി ഐ അന്വേഷണം നേരിടുന്ന വിവാദ ഇറച്ചി കയറ്റുമതി വ്യാപാരി മോയിന്‍ അക്തര്‍ ഖുറൈഷി തുടങ്ങി നിയമത്തിന്റെ മുമ്പില്‍ നോട്ടപ്പുള്ളികളായ മറ്റു പലരും സിന്‍ഹയുടെ സ്ഥിരം സന്ദര്‍ശകരാണ്. ആദര്‍ ്ശ് അഴിമതിക്കേസില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാനെ രക്ഷപ്പെടുത്താന്‍ സിന്‍ഹ നടത്തിയ കളികളും വെളിച്ചത്ത് വന്നതാണ്. എന്തിനാണ് അഴിമതിക്കേസുകളിലെ പ്രതികള്‍ക്കും പ്രതിനിധികള്‍ക്കും സി ബി ഐ മേധാവി നിരന്തരം സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നത്? കല്‍ക്കരിപ്പാടം കേസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാത്രം സിന്‍ഹയെ മാറ്റി നിര്‍ത്തിയത് കൊണ്ടായില്ല. സി ബി ഐയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ അതിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നുതന്നെ അദ്ദേഹത്തെ മാറ്റിനിര്‍ത്തണം. ഡിസംബര്‍ രണ്ടിന് സിന്‍ഹയുടെ കാലാവധി അവസാനിക്കുമെങ്കിലും അത്രയും നാള്‍ തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് നിയമ, നീതിന്യായ വ്യവസ്ഥിതിക്ക് ഭൂഷണമല്ല.