‘കുട്ടികള്‍ പീഡനത്തിനിരയാകുന്നു’

Posted on: November 21, 2014 10:46 pm | Last updated: November 21, 2014 at 10:46 pm

rapeദുബൈ: യുഎഇയില്‍ ആയിരത്തില്‍ 132 കുട്ടികള്‍ വീതം പീഡനത്തിനോ ചൂഷണത്തിനോ ഇരയാകുന്നുണ്ടെന്നു ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ (ഡിഫാക്) ചൂണ്ടിക്കാട്ടി. വീടുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ ഇരയാകുന്ന അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ച് ഡിഫാക് സര്‍വേ നടത്തിയിരുന്നു. വീടുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ആയിരത്തില്‍ 65 കുട്ടികള്‍ വീതം പീഡനത്തിനു ഇരയാകുന്നു. യുഎഇയിലെ 4,111 വിദ്യാര്‍ഥികളാണു സര്‍വേയില്‍ പങ്കെടുത്തത്.
അഞ്ചു മുതല്‍ പന്ത്രണ്ടാം ഗ്രേഡുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണു സര്‍വേയില്‍ പ്രതികരിച്ചത്. 39 സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളിലായിരുന്നു പഠനം. പത്തുമുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികളാണു സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 50. 6% ആണ്‍കുട്ടികളും 49. 4% പെണ്‍കുട്ടികളുമായിരുന്നു.
ആണ്‍കുട്ടികളാണു കൂടുതല്‍ ചൂഷണത്തിനും പീഡനത്തിനും വീടുകളില്‍ വിധേയമാകുന്നത്. അവരുടെ എണ്ണം 7. 2% പെണ്‍കുട്ടികള്‍ -5. 7%. സ്‌കൂളുകളിലും ആണ്‍കുട്ടികളാണ് ഇരകളാകുന്നവരില്‍ കൂടുതല്‍. 15. 1 % ആണ് പീഡനത്തിനു വിധേയരാകുന്ന ആണ്‍കുട്ടികളെങ്കില്‍ പെണ്‍കുട്ടികളുടെ എണ്ണം 9. 3%. ഡി എഫ് ഡബ്ല്യു എസി ഡയറക്ടര്‍ അഫ്‌റ അല്‍ ബസ്തി കോര്‍പറേറ്റ് സപ്പോര്‍ട്ട് അസി. ഡയറക്ടര്‍ ജനറല്‍ ശൈഖ അല്‍ മന്‍സൂറി, കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മര്‍യം ബിന്‍ തെനെയ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണു കണക്കുകള്‍ വിവരിച്ചത്. പ്രോഗ്രം ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ബദ്‌രിയ അല്‍ ഫര്‍സി, പ്രോഗ്രാം ആന്‍ഡ് റിസര്‍ച്ച് ഓഫിസര്‍ ഐഷ അല്‍ മിദ്ഫ, ഷാര്‍ജ സര്‍വകലാശാല അസോ. പ്രഫസര്‍ ഡോ. ഫക്കീര്‍ അല്‍ ഘറായ്‌ബെ തുടങ്ങിയവരാണു സര്‍വേ ഫലം വിവരിച്ചത്.