ദീര്‍ഘനേരം സ്മാര്‍ട്‌ഫോണ്‍ ചാറ്റിംഗ് നട്ടെല്ലിന് ദോഷകരമെന്ന് പഠനം

Posted on: November 21, 2014 8:51 pm | Last updated: November 21, 2014 at 8:51 pm

chatദീര്‍ഘനേരം സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് നട്ടെല്ലിന് ദോഷകരമാണെന്ന് പഠനം. സര്‍ജിക്കല്‍ ടെക്‌നോളജി ഇന്റര്‍നാഷണല്‍ എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ദീര്‍ഘനേരം മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് നട്ടെല്ലിന് കൂടുതല്‍ ഭാരമനുഭവപ്പെടുന്നതാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നത്.

മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുമ്പോഴുള്ള ഇരിപ്പിന്റെയോ നില്‍പ്പിന്റെയോ ഘടനയാണ് നട്ടെല്ലിന് പരിക്കേല്‍പ്പിക്കുന്നത്. തുടര്‍ച്ചയായി ഫോണില്‍ ടൈപ്പ് ചെയ്യുമ്പോള്‍ 23 കിലോഗ്രാമെങ്കിലും നട്ടെല്ലിന് കൂടുതല്‍ ബലം അനുഭവപ്പെടുകയും ഇതുകാരണം നട്ടെല്ലിന് തേയ്മാനം സംഭവിക്കാനും നാശം സംഭവിക്കാനും ഇടയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ഒരാളുടെ കഴുത്ത് സാധാരണ നേരെയിരിക്കുമ്പോള്‍ 4.5 മുതല്‍ 5.5 കിലോഗ്രാം വരെയാണ് ഭാരം. കഴുത്തിന്റെ പൊസിഷന്‍ 15 ഡിഗ്രി ചെരിയുമ്പോള്‍ നട്ടെല്ലിന് താങ്ങേണ്ടിവരുന്നത് 12 കിലോഗ്രാം ഭാരമാണ്. ഇതു 30 ഡിഗ്രിയിലേക്ക് മാറുമ്പോള്‍ നട്ടെല്ലിലേക്ക് എത്തുന്നത് 18 കിലോ ഭാരം. ഇത് 60 ഡിഗ്രി ചെരിയുമ്പോള്‍ ഏകദേശം 27 കിലോഗ്രാം ഭാരമാണ് നട്ടെല്ലിന് താങ്ങേണ്ടിവരുക.

സാധാരണ ഒരാള്‍ ഒരു ദിവസം ഏകദേശം രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഫോണ്‍ ഉപയോഗിക്കാറുണ്ട്. കഴുത്ത് നേരെ പിടിച്ച് ഫോണ്‍ ഉപയോഗിക്കുക അസാധ്യമെന്നിരിക്കെ കൂടുതല്‍ സമയം ചാറ്റിങിന് ചെലവഴിക്കുന്നവരുടെ നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.