Connect with us

National

ദുരഭിമാനം; ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ കൊന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ നടുക്കി ദുരഭിമാന കൊലപാതകം. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഭാവനയെന്ന 21കാരിയെ അന്യ ജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ മാതാപിതാക്കളായ ജഗ്‌മോഹന്‍, സാവിത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ 12നായിരുന്നു ഭാവനയും കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായ അഭിഷേകുമായുള്ള വിവാഹം. രാജസ്ഥാനിലെ യാദവ് വിഭാഗത്തില്‍ പെട്ട ഭാവനയും പഞ്ചാബിയായ അഭിഷേകുമായുള്ള വിവാഹത്തിന് ഭാവനയുടെ വീട്ടുകാര്‍ എതിരായിരുന്നു. രഹസ്യമായി വിവാഹം നടത്തിയ ശേഷം ഭാവനയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതം മൂളാതിരുന്ന വീട്ടുകാര്‍ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
നല്ല രീതിയില്‍ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് സ്‌നേഹത്തോടെ ഭാവനയെ മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുപോയി. സ്‌നേഹാഭിനയം മനസ്സിലാകാതിരുന്ന ഭാവന മാതാപിതാക്കള്‍ക്കൊപ്പം പോയി. പിന്നീട് ഭാവനയുടെ കസിനാണ് അവര്‍ മരിച്ചതായും ശവദാഹം കഴിഞ്ഞതായും അറിയിച്ചത്. അഭിഷേക് കേസ് രജിസ്റ്റര്‍ ചെയ്തതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.