Connect with us

Kerala

ഫിഷറീസിന്റെ പുതിയ പദ്ധതികളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഇന്നുമുതല്‍

Published

|

Last Updated

കൊച്ചി: രാജ്യാന്തരമത്സ്യതൊഴിലാളി ദിനമായ ഇന്ന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പുതിയ പദ്ധതികളും ഇന്‍ഷ്വറന്‍സ് പരിരക്ഷയും നിലവില്‍ വരും. ആം ആദ്മി ബീമ യോജന പദ്ധതി പ്രഖ്യാപനം, ക്രാഫ്റ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപനം, വിവിധ പദ്ധതികളുടെ ധനസഹായ വിതരണം, മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവയും ഇതോടൊപ്പം നടക്കും.
മത്സ്യബന്ധന യാനങ്ങള്‍ പ്രകൃതിക്ഷോഭത്തില്‍പ്പെട്ടു നശിച്ചാലും, അപകടത്തില്‍പ്പെട്ടു തകര്‍ന്നാലും ഇപ്പോള്‍ നഷ്ടപരിഹാരത്തിനു വ്യവസ്ഥയില്ല. എറണാകുളം ജില്ലയിലെ എല്ലാ മത്സ്യബന്ധന യാനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിക്ക് ഇന്ന് സമാരംഭം കുറിക്കും. ഈ പദ്ധതി പ്രകാരം ചെറുകിട വള്ളങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ 75ശതമാനവും, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും, ബോട്ടുകള്‍ക്കും പ്രീമിയത്തിന്റെ 25ശതമാനം ചെലവും സര്‍ക്കാര്‍ വഹിക്കും. ഈ ഇനത്തില്‍ 1.4 കോടി രൂപയാണ് ചെലവ്. ആം ആദ്മി ബീമ യോജന പദ്ധതി പ്രകാരം സാധാരണ മരണത്തിന് 30,000 രൂപ ലഭിക്കുന്നു. ആളൊന്നിന് 200 രൂപ പ്രീമിയത്തിന്, കേരള സര്‍ക്കാര്‍ 100 രൂപ നിരക്കില്‍ 2.50 കോടി രൂപ നല്‍കും. ബാക്കി 100 രൂപ എല്‍ ഐ സി വഴി സാമൂഹ്യ സുരക്ഷ ഫണ്ടില്‍ നിന്നും ലഭ്യമാക്കും. ഈ ഇനത്തില്‍ അഞ്ച് കോടി രൂപയുടെ പുതിയ പദ്ധതിക്കാണ് സമാരംഭം കുറിക്കുന്നത്. ഈ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കുന്നില്ല എന്നതാണ് പ്രത്യേകത. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അപകട ഇന്‍ഷ്വറന്‍സ് രണ്ടു ലക്ഷത്തില്‍ നിന്നും മൂന്നു ലക്ഷമായും പിന്നീട് അഞ്ച് ലക്ഷമായും ഉയര്‍ത്തി. ഇതിനായി നടപ്പുവര്‍ഷം 40 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. പെന്‍ഷന്‍ തുക 300 രൂപയില്‍ നിന്നും 400 രൂപയും പിന്നീട് 500 ആയും ഉയര്‍ത്തി. പ്രതിവര്‍ഷം ഈ ഇനത്തില്‍ 2.3 കോടി രൂപ ചെലവഴിക്കും. തണല്‍ പദ്ധതി പ്രകാരം ഓരോ മത്സ്യത്തൊഴിലാളിക്കും 1350 രൂപയുടെ അധിക സാമ്പത്തിക സഹായം 2012-13 മുതല്‍ നല്‍കിവരുന്നു. ഓരോ വര്‍ഷവും 30 കോടി രൂപ തൊഴില്‍ വകുപ്പില്‍ നിന്നും ഈ ഇനത്തില്‍ ലഭ്യമാകുന്നു. സ്‌കൂള്‍ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 372 വിദ്യാര്‍ഥികള്‍ക്കായി 14.9 ലക്ഷം രൂപയും വിവിധ കായിക മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 26 വിദ്യാര്‍ഥികള്‍ക്കായി 1.21 ലക്ഷം രൂപയും ഇന്ന് വിതരണം ചെയ്യുന്നുണ്ട്.
ഉച്ചക്കു 2.30ന് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന ദിനാഘോഷം ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം “ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും നിര്‍വഹിക്കും. സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ മേയര്‍ ടോണി ചമ്മിണി വിതരണം ചെയ്യും. ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

Latest