പുഴ സംരക്ഷണത്തിന് ‘പുഴ മുതല്‍ പുഴ വരെ’ പദ്ധതി

Posted on: November 21, 2014 5:29 am | Last updated: November 20, 2014 at 11:30 pm

cauveryriver_14884തിരുവനന്തപുരം: പുഴ സംരക്ഷണത്തിനായി റവന്യൂവകുപ്പിന്റെ പുഴ മുതല്‍ പുഴ വരെ പദ്ധതി തയ്യാറായി. പുഴയെ അറിയുക, ആദരിക്കുക എന്ന സന്ദേശം വരും തലമുറക്ക് കൈമാറി അവരെ നദീസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരതപ്പുഴ, അച്ചന്‍കോവിലാര്‍ എന്നിവയുടെ തീരങ്ങളാണ് ആദ്യഘട്ടത്തിലെ മാതൃകാപദ്ധതികള്‍. പുഴയോരങ്ങളെ സൗന്ദര്യവത്കരിക്കുക, കൈയേറ്റങ്ങള്‍ തടയുക, പുഴകളെ മാലിന്യ വിമുക്തമാക്കുക, പുഴകളുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരം സൃഷ്ടിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.
മലിനീകരണവും കൈയേറ്റവും കൊണ്ട് വികൃതവും അന്യാധീനപ്പെട്ടതുമായ പുഴയോരങ്ങളില്‍ ഫലവൃക്ഷങ്ങളും പൂമരങ്ങളും പൂച്ചെടികളും വളര്‍ത്തി റിവര്‍ പാര്‍ക്ക് എന്ന വിശാല ലക്ഷ്യം സാക്ഷാത്കരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്റെ നോവലിന്റെ ശീര്‍ഷകമാണ് ‘പുഴ മുതല്‍ പുഴ വരെ’.
പദ്ധതി പ്രദേശങ്ങളുടെ തുടര്‍ പരിപാലനവും സംരക്ഷണവും അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെ രൂപം കൊടുക്കുന്ന പുഴ സംരക്ഷണസമതിയുടെ നിയന്ത്രണത്തിലായിരിക്കും. പദ്ധതി പ്രദേശത്തെ വില്ലേജ് ഓഫീസര്‍മാര്‍ പുഴ സംരക്ഷണ സമിതികളുടെ കണ്‍വീനര്‍മാരായിരിക്കും. പദ്ധതിക്കായി നിശ്ചയിച്ച സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ജനുവരി ആദ്യവാരം പദ്ധതിയുടെ ഉദ്ഘാടനം ഭാരതപ്പുഴ തീരത്ത് നടത്തും.
ഭാരതപ്പുഴയുടെ 527 ഏക്കറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം മുതല്‍ തിരുനാവായ വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിനോടു ചേര്‍ന്നുള്ള സ്ഥലമാണിത്. പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിന്റെ തീരത്തെ ഒമ്പത് ഏക്കര്‍ നിര്‍ദിഷ്ട മാതൃകാ പദ്ധതി പ്രദേശത്തില്‍പ്പെടും. സംസ്ഥാന റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 10 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിച്ച് നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍ പരിശോധിക്കുന്ന സംസ്ഥാന ഉന്നതതല സമിതിയാണ് പുഴ മുതല്‍ പുഴ വരെ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.
സംസ്ഥാനതലത്തില്‍ ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവാദിത്വത്തിലാകും പദ്ധതി നടത്തിപ്പ്. സംസ്ഥാന തല മോണിറ്ററിംഗ് സെല്‍ ഇതിനായി രൂപവത്കരിച്ചു.
പദ്ധതി നടപ്പിലാക്കുന്ന ജില്ലകളുടെ കലക്ടര്‍മാര്‍ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായിരിക്കും. കലക്ടര്‍മാരുടെ അധീനതയിലുള്ള ജില്ലാ നിര്‍മിതികേന്ദ്രങ്ങള്‍ പദ്ധതിക്കായുള്ള നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കും. ഭാരതപ്പുഴയുടെ തീരത്തെ പദ്ധതി മലപ്പുറം ജില്ലാ കലക്ടറുടെയും അച്ചന്‍കോവിലാറിന്റെ തീരത്തെ പദ്ധതി പത്തനംതിട്ട ജില്ലാ കലക്ടറുടെയും നിയന്ത്രണത്തിലായിരിക്കും.
പുഴകള്‍ നമ്മുടെ പൈതൃക സമ്പത്തും ജീവവാഹിനിയുമാണെന്ന് വരും തലമുറയെ ഓര്‍മിപ്പിക്കാനും അവരില്‍ പുഴകളുടെ ചൈതന്യം ഉള്‍ക്കൊള്ളിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പദ്ധതി പ്രദേശത്തെ വിദ്യാര്‍ഥികള്‍,
പ്രമുഖരായ എഴുത്തുകാര്‍, മറ്റ് കലാകാരന്മാര്‍ എന്നിവരെ പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കും. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ ചൈതന്യ പൂര്‍ണമാക്കാനും പ്രകൃതി സംരക്ഷണ ബോധത്തെ ദീപ്തമാക്കാനുമുള്ള പരിശ്രമത്തില്‍ ‘പുഴ മുതല്‍ പുഴ വരെ’ പദ്ധതി പുതിയൊരു കാല്‍വെപ്പാണെന്ന് മന്ത്രി വ്യക്തമാക്കി.