Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം: എ എന്‍ എസ്, എ ടി എം ഉടമ്പടികളില്‍ ഒപ്പിട്ടു

Published

|

Last Updated

തിരുവനന്തപുരം: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എയര്‍ നാവിഗേഷന്‍ സര്‍വീസ്, എയര്‍ ട്രാഫിക് മാനേജ്‌മെന്റ് ( എ എന്‍ എസ്, എ ടി എം) ഉടമ്പടികളില്‍ ഒപ്പിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള നയം അനുസരിച്ച് അനുവദിച്ച വാര്‍ത്താവിനിമയ-എയര്‍ സംവിധാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയുമായാണ് ഒപ്പിട്ടത്.

കാലാവസ്ഥ സംബന്ധിച്ച സേവനങ്ങള്‍ക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു എം ഒ യുവും അനിവാര്യമാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള എ എന്‍ എസ്, എ ടി എം ഉടമ്പടി കഴിഞ്ഞ 17ന് ഡല്‍ഹിയില്‍ വെച്ചാണ് ഒപ്പിട്ടത്. വാനനിരീക്ഷണ ഉടമ്പടി കരാറില്‍ കഴിഞ്ഞ സെപ്തംബര്‍ 17ന് ഒപ്പുവെച്ചിരുന്നു. വിമാനത്താവള പദ്ധതിയില്‍ ഈ രണ്ട് പ്രധാന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയെന്ന് മന്ത്രി ബാബു അറിയിച്ചു.
എ എന്‍ എസ്, എ ടി എം ഉടമ്പടി അനുസരിച്ച് കണ്ണൂര്‍ വിമാനത്താവളത്തിനു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വി എച്ച് എഫ് കമ്മ്യൂണിക്കേഷന്‍സ്, ഡി വി ഒ ആര്‍ ആന്‍ഡ് ഡി എം ഇ, വോയ്‌സ് റെക്കോര്‍ഡര്‍, ജി പി എസ് ക്ലോക്ക് സിസ്റ്റം, എ ടി എസ് ഓട്ടോമേഷന്‍, ഇന്‍സ്ട്രമെന്റ് ലാന്റിംഗ് സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ ലൈന്‍സ്, കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് റഡാര്‍ സിഗ്നല്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. വാനനിരീക്ഷണ ഉടമ്പടി അനുസരിച്ച് വിമാനത്താവളത്തിന് ഇന്ത്യന്‍ വാനനിരീക്ഷണ വകുപ്പിന്റെ റണ്‍വേ വിഷ്വല്‍ റേഞ്ച് അളക്കാനുള്ള ഉപകരണങ്ങള്‍, കാറ്റിന്റെ വേഗത, ഗതി, അന്തരീക്ഷ ഊഷ്മാവ് എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍, സാറ്റലൈറ്റ് മാപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും.
വിമാനത്താവളത്തിന്റെ 34 ശതമാനം എയര്‍സൈഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ 15 ശതമാനം നിര്‍മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. 2015 ഡിസംബര്‍ 31ന് ട്രയല്‍ ലാന്റിംഗും 2016 മാര്‍ച്ചില്‍ കമ്മീഷനിംഗും നടത്തും. വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്ററായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തല്‍കാലം അതിന്റെ ആവശ്യം വരുന്നില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ആകെ റണ്‍വേക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് തൃപ്തികരമായ പുനരധിവാസ പാക്കേജാണ് നല്‍കുന്നത്. സ്ഥലമുടമകള്‍ക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Latest