Connect with us

Kerala

പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

Published

|

Last Updated

പാലക്കാട്: പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങുമായി ഡി ജി പിയുടെ സര്‍ക്കുലര്‍. അസോസിയേഷന്റെ പേരില്‍ ചട്ടലംഘനവും അച്ചടക്ക ലംഘനവും നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഡി ജി പിയുടെ നടപടി. പോലീസുകാരില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് അടക്കം നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസ് അസോസിയേഷന്റെ പേരില്‍ പോലീസുകാരില്‍ നിന്ന് ധനശേഖരണം നടത്തുന്നതില്‍ ചട്ടലംഘനം നടക്കുന്നുവെന്ന് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്. പോലീസുകാരുടെ അനുമതി വാങ്ങാതെ അവരുടെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി പണം പിരിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലറില്‍ ഇത് ചട്ടലംഘനവും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതായും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറില്‍ പോലീസ് അസോസിയേഷന്റെ പരിപാടികള്‍ക്കായും സുവനീറുകള്‍ പ്രസിദ്ധീകരിക്കുന്നതിനും ബിസിനസ് ഗ്രൂപ്പുകളുടേതടക്കമുള്ള സഹായം തേടുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ഇതിന് പിന്നാലെ കഴിഞ്ഞ മാസം 31ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ചില കോണ്‍സ്റ്റബിള്‍മാര്‍ അസോസിയേഷന്റെ പേര് ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം എടുത്ത് പറയുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി അസോസിയേഷന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കുലര്‍.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രമവിരുദ്ധവും അച്ചടക്ക ലംഘനവുമാണെന്ന് സര്‍ക്കുലര്‍ വിശദീകരിക്കുന്നു. മാത്രമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സോണല്‍ എ ഡി ജി പിമാര്‍ക്കും ജില്ലാ പോലീസ് ചീഫുമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ഡി ജി പി നിര്‍ദേശിച്ചു. പോലീസ് അസോസിയേഷന്റെ പേരില്‍ സേനയുടെ അച്ചടക്കം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുവെന്ന സന്ദേശവും സര്‍ക്കുലറിലൂടെ ഡി ജി പി നല്‍കുന്നു.

Latest