Connect with us

Kerala

മെഡി. കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ആശുപത്രിയിലെ അറ്റന്‍ഡര്‍ ഗ്രേഡ് 2 ജീവനക്കാരന്‍ വയനാട് വെളളമുണ്ട കട്ടയാട് വാഴയില്‍ റഷീദ് (44), ചേവായൂര്‍ സ്‌നേഹതീരം ബിജു (43) എന്നിവരാണ് പിടിയിലായത്.

മെഡിക്കല്‍കോളജ് ആശുപത്രിയുടെ വ്യാജ ഐഡന്റിറ്റി കാര്‍ഡുമായി ജോലി ചെയ്ത വയനാട് വെള്ളമുണ്ട സ്വദേശിസംശയാസ്പദമായ രീതിയില്‍ ഇന്നലെ രാത്രി മെഡിക്കല്‍കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ നിന്ന് പിടിയിലായതോടെയാണ് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കബളിപ്പിക്കപ്പെട്ട യുവാവ് നല്‍കിയ വിവരമനുസരിച്ചാണ് മെഡിക്കല്‍കോളജ് ആശുപത്രിയിലെ സസ്പന്‍ഷനില്‍ കഴിയുന്ന ജീവനക്കാരന്‍ റഷീദ് വലയിലായത്. കബളിപ്പിക്കപ്പെട്ടയാളില്‍ നിന്ന് മുപ്പതിനായിരം രൂപയോളം റഷീദ് കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. കൂടാതെ, ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ഒപ്പുവെക്കുന്ന പുസ്തകത്തില്‍ ഇയാളെക്കൊണ്ട് ഒപ്പു വെപ്പിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ, യുവാവിന്റെ ഫോണിലേക്ക് ആശുപത്രി സൂപ്രണ്ടാണെന്ന വ്യാജേന ഫോണ്‍ ചെയ്ത് ജോലിക്ക് ഹാജരായിക്കൊള്ളാന്‍ പറയുകയും ചെയ്തു. കബളിപ്പിക്കപ്പെടുന്നവരെ നന്നായി പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള കഴിവ് റഷീദിനുണ്ടെന്ന് പോലീസ് പറഞ്ഞു.
2009 മുതല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് അറ്റന്ററായി ജോലി ചെയ്തിരുന്ന റഷീദിനെ മദ്യപിച്ച് ജോലിക്ക് ഹാജരായ സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും റഷീദ് ജോലിക്ക് ഹാജരാകാറില്ല. ആശുപത്രിക്ക് സമീപമുള്ള ഒരു ലോഡ്ജ് വാടകക്കെടുത്താണ് ഇപ്പോള്‍ റഷീദ് താമസിക്കുന്നത് . ഈ ലോഡ്ജില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തി. തട്ടിപ്പ് നടത്താനായി ഇയാള്‍ ശരിയാക്കിവെച്ച നിരവധി ഫോമുകളും മറ്റ് രേഖകളും ലോഡ്ജില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയുടെ ഐഡന്റിറ്റി കാര്‍ഡ് സ്‌കാന്‍ ചെയ്ത് വ്യാജ ഐഡന്റിറ്റി കാര്‍ഡ് നിര്‍മിക്കാന്‍ റഷീദിനെ സഹായിച്ച കേസിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

Latest