Connect with us

Kerala

പടക്ക നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹത

Published

|

Last Updated

ചേര്‍ത്തല: കിഴക്കേനാല്‍പ്പതിലെ വീട്ടില്‍ പടക്കനിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നിരീക്ഷിച്ചു വരികയാണ്. അനധികൃതമായി സ്‌ഫോടകവസ്തു സൂക്ഷിച്ചതിനും പടക്കനിര്‍മാണം നടത്തിയതിനും മരിച്ച വീട്ടുടമയെ പ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ അസ്വാഭാവികത നിഴലിക്കുന്നതിനാലാണ് രണ്ട് പേരെ പോലീസ് നിരീക്ഷിക്കുന്നത്. നഗരസഭ 24-ാം വാര്‍ഡ് കൂന്തിരിശേരില്‍ സൂര്യപ്പള്ളി തോമസ്(62), പടക്കനിര്‍മാണത്തൊഴിലാളി നികര്‍ത്തില്‍ സുശീല(42) എന്നിവരാണ് ബുധനാഴ്ച പകല്‍ മൂന്നോടെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചു. തോമസിനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ മകന്‍ ജോണ്‍സണിന്റെ പേരില്‍ ചേര്‍ത്തല തെക്കേ അങ്ങാടിയില്‍ പടക്ക വ്യാപാരത്തിന് ലൈസന്‍സുണ്ട്. ആഘോഷവേളകളില്‍ മാത്രം വില്‍പ്പനക്കാണ് ലൈസന്‍സ്. അതേസമയം തീപിടിത്തം സൃഷ്ടിക്കപ്പെട്ടതാണോ എന്ന സംശയം പോലീസിനുണ്ട്.
സംഭവം നടക്കുമ്പോള്‍ തോമസിന്റെ മകന്‍ ജോണ്‍സണ്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തോമസിന്റെ ഭാര്യ എല്‍സമ്മ സംഭവത്തിന് അല്‍പ്പം മുമ്പ് ചേര്‍ത്തല ടൗണിലേക്ക് പോകുകയും ചെയ്തു. ഇവര്‍ മടങ്ങിയെത്തും മുമ്പ് തീപിടിത്തം നടക്കുകയും ചെയ്തു. മരിച്ച സുശീല പരിക്കേറ്റ് താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയിലായിരുന്നുവെങ്കിലും ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞതായി സ്ഥലത്ത് ഉണ്ടായിരുന്ന പോലീസും നാട്ടുകാരും കേട്ടുവത്രെ. അതുകൂടി കണക്കിലെടുത്താണ് പോലീസ് അന്വേഷണം. സി ഐ നവാസിനാണ് അന്വേഷണച്ചുമതല.