വെടിക്കെട്ട് നിര്‍മാണ സ്ഥാപനങ്ങളില്‍ രാസവസ്തുക്കളുടെ പരിധി വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി അപകടം വര്‍ധിപ്പിക്കും

Posted on: November 20, 2014 5:57 am | Last updated: November 19, 2014 at 11:59 pm

padakkamതൃശൂര്‍: ജില്ലാ മജിസ്‌ട്രേറ്റിനു കീഴില്‍ ലൈസന്‍സ് നല്‍കുന്ന വെടിക്കെട്ട് നിര്‍മാണ സ്ഥാപനങ്ങളില്‍ രാസവസ്തുക്കളുടെ സംഭരണ പരിധി കൂട്ടുന്നത് സംബന്ധിച്ച നിയമ ഭേദഗതിക്കുള്ള സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍. നിലവില്‍ 15 കിലോ നിര്‍മിക്കുന്നതിനാണ് നിയമം അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന വെടിക്കെട്ട് അപകടമരണങ്ങളെല്ലാം ജില്ലാ മജിസ്‌ട്രേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഈ നിയമഭേദഗതി ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്.
ഇവിടെ നിരോധിത രാസവസ്തുക്കളായ പൊട്ടാസ്യം ക്ലോറൈറ്റും സള്‍ഫറും ഒരുമിച്ചു ഉപയോഗിക്കുന്നതാണ് കൂടുതലും അപകടം ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മാണം നടത്തുന്നവര്‍ക്കു കൂടുതല്‍ നിര്‍മാണ വസ്തുക്കള്‍ നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനം വരാന്‍ പോകുന്ന ഉത്സവ കാലത്തു കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. നിര്‍മാണശാലകളിലെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി പരിശോധന ശക്തമാക്കാന്‍ പെസോയുടെ(പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) നേതൃത്വത്തില്‍ പോലീസിനെയും വിദഗ്ധരെയും ഉപയോഗിച്ചു പരിശോധന നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഇടയിലാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. വരാനിരിക്കുന്നത് ഉത്സവങ്ങളുടെ കാലമായതുകൊണ്ടു തന്നെ മജിസ്‌ട്രേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളുടെ സുരക്ഷ കേരളത്തില്‍ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ‘പെസോ’ പോലെയുള്ള സ്ഥാപനങ്ങളില്‍ അനുവദിച്ച ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ മജിസ്‌ട്രേറ്റിനു കീഴില്‍ ലൈസന്‍സ് നല്‍കുന്ന സ്ഥാപനങ്ങളില്‍ മാത്രമാണ് വര്‍ഷങ്ങളായി അപകടമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ചീഫ് എക്‌സപ്ലോസീവ് ഓഫീസര്‍ ടി ആര്‍ തോമസ് പറഞ്ഞു. നിലവിലുള്ള നിയമം പരിമിതമാണെന്ന തിരിച്ചറിവാണ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് ഉടനെ ഇറങ്ങുമെന്നും രണ്ടു മൂന്നു മാസത്തിനകം പുതിയ നിയമം നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2006 മുതല്‍ പടക്കശാലകളിലെ അപകടങ്ങളെത്തുടര്‍ന്ന് 508പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഉത്സവ സ്ഥലങ്ങൡലും പള്ളിപ്പെരുന്നാളുകളിലുമായി വെടിക്കെട്ടപകടങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നുവരികയാണ്. ഉത്സവങ്ങളിലെ കതിന ദുരന്തങ്ങളില്‍ 307 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ 2008 മുതല്‍ ഇങ്ങോട്ട് 297 ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് 64 ദുരന്തങ്ങളിലായി 60 പേര്‍ കൊല്ലപ്പെട്ടു. 2006 ല്‍ 24 ദുരന്തങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 2007ല്‍ 38 ദുരന്തങ്ങളിലായി 42 പേര്‍ കൊല്ലപ്പെട്ടു. 2008-ല്‍ 49 ദുരന്തങ്ങളിലായി 49 പേരും, 2009-ല്‍ 53 ദുരന്തങ്ങളില്‍ 57 പേരും, 2010-ല്‍ 53 ദുരന്തങ്ങളിലായി 66 പേരും, 2011 -ല്‍ 58 ദുരന്തങ്ങളില്‍ 68 പേരും, 2012-ല്‍ 59 ദുരന്തങ്ങളിലായി 70 പേരും 2013-ല്‍ 64 ദുരന്തങ്ങളില്‍ 72 പേരും കൊല്ലപ്പെട്ടു. കതിന ദുരന്തങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ 27, കോഴിക്കോട് -29, പാലക്കാട്-30, മലപ്പുറം-31,തൃശൂര്‍-38, എറണാകുളം-30, ആലപ്പുഴ-40, കൊല്ലം-25,പത്തനംതിട്ട-28, തിരുവനന്തപുരം-29 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. എന്നാല്‍ പടക്ക-കരിമരുന്ന് നിര്‍മാണ ശാലകളില്‍ നടക്കുന്ന നിയമലംഘനമാണ് ഇത്തരത്തില്‍ അപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ നടക്കുമ്പോഴും അനുകൂലമായി നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാറിന്റെ തീരുമാനം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.