ഇസ്‌ലാമിക തീവ്രവാദം എന്നൊന്നില്ല: ഖാലിദ് അല്‍ മഈന

Posted on: November 20, 2014 3:41 am | Last updated: November 19, 2014 at 11:42 pm

തിരുവനന്തപുരം: ഇസ്‌ലാമിക തീവ്രവാദം എന്നൊന്നില്ലെന്ന് സൗദി ഗസ്സറ്റ് ചീഫ് എഡിറ്റര്‍ ഖാലിദ് അല്‍ മഈന പറഞ്ഞു. ആ പ്രയോഗം തന്നെ തെറ്റാണ്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈജീരിയ, സൗത്ത് ആഫ്രിക്ക പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മതമാണ് കൂടുതലുള്ളത്. ഇവിടെയെല്ലാം തീവ്രവാദമുണ്ട്. എന്നുകരുതി ഇതിനുപിന്നില്‍ ക്രിസ്ത്യാനികള്‍ ആണെന്നു പറയാന്‍ കഴിയില്ല. ഗുജറാത്തിലെ കലാപത്തില്‍ എല്ലാ ഹിന്ദുക്കളേയും കുറ്റക്കാരായി കാണാന്‍ കഴിയില്ല. മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെല്ലാം ചില കേന്ദ്രങ്ങള്‍ പറഞ്ഞുപരത്തുന്നതാണെന്നും മതങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാം മതത്തില്‍ ഒരിടത്തും മാനുഷിക സ്‌നേഹമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല.
അമേരിക്കക്കെതിരെ ബിന്‍ലാദന്റെ ആക്രമണമുണ്ടായപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ അമേരിക്കക്ക് ലഭിച്ചിരുന്നു. ബിന്‍ലാദനെ വധിച്ചെന്നു പറഞ്ഞപ്പോള്‍ പോലും അമേരിക്കക്കെതിരെ ആരും പ്രതിഷേധിച്ചില്ല. തീവ്രവാദത്തെ അമര്‍ച്ച ചെയ്യുകയാണ് ലോകസമാധാനത്തിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് തീവ്രവാദത്തിന് വിത്തുപാകിയതും അതിനെ പ്രോത്സാഹിപ്പിക്കുന്നതും അമേരിക്കയാണന്നും. അഹം പറഞ്ഞു.