പച്ചക്കറികളിലെ വിഷാംശ പരിശോധന നടപ്പാകില്ല

Posted on: November 20, 2014 5:35 am | Last updated: November 19, 2014 at 11:36 pm

vegetableപാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാരകവിഷാംശം കലര്‍ന്ന പച്ചക്കറികള്‍ കടത്തുന്നത് തടയാനുള്ള നീക്കം ഫലപ്രദമാകില്ലെന്ന് സൂചന. കീടനാശിനി സാന്നിധ്യം പരിശോധിക്കാന്‍ ചെക്ക് പോസ്റ്റുകളിലും ജില്ലകള്‍ കേന്ദ്രീകരിച്ചും സംവിധാനമില്ലാത്തതാണ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയാകുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് നൂറ് കണക്കിന് ലോഡ് പച്ചക്കറികളാണ് വാളയാറുള്‍പ്പെടെയുള്ള ചെക്ക്‌പോസ്റ്റുകളിലൂടെ കേരളത്തിലെത്തുന്നത്. ദിനം പ്രതി ഇത്രയധികം ഉത്പന്നങ്ങള്‍ എത്തിയിട്ടും എവിടെയും ഇതിലെ വിഷാംശം പരിശോധിക്കുന്നതിന് ഇതുവരെ സംവിധാനമേര്‍പ്പെടുത്തിയിട്ടില്ല. കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ് ലബോറട്ടറി തിരുവനന്തപുരത്തെ വെള്ളായണി കാര്‍ഷിക കോളജില്‍ മാത്രമാണുള്ളത്. കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള ഇത് മാത്രമാണ് സംസ്ഥാനത്തെ ഏക പരിശോധന കേന്ദ്രം.
നിലവില്‍ പച്ചക്കറികള്‍ സാമ്പിളെടുത്ത് തിരുവനന്തപുരത്ത് വെള്ളായണി കാര്‍ഷിക ലാബില്‍ പരിശോധിക്കാനായി അയച്ചാല്‍ തന്നെ ഫലം ലഭിക്കാന്‍ ദിവസങ്ങളെടുക്കും. കൊണ്ട് വന്ന പച്ചക്കറികള്‍ അത് വരെ സൂക്ഷിച്ച് വെക്കാനും വ്യാപാരികള്‍ക്ക് കഴിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പച്ചക്കറികള്‍ ലാബ് പരിശോധനാ ഫലം ലഭിക്കും മുമ്പ് തന്നെ വില്‍ക്കേണ്ടി വരുമെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്.
കേരള വിപണിയിലേക്കുള്ള പച്ചക്കറി വിളയിക്കുന്ന അന്യസംസ്ഥാനങ്ങളിലെ കൃഷിയിടിങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിന് അന്യസംസ്ഥാനത്തെ കര്‍ഷകര്‍ സമ്മതിക്കുമോ എന്നതിനെ കുറിച്ചും ആശങ്കയുയര്‍ന്നിട്ടുണ്ട്.
നല്ലവിളവെടുപ്പ് ലഭിക്കാനും പച്ചക്കറികള്‍ക്ക് കേടുപാട് സംഭവിക്കാതിരിക്കാനും ആകര്‍ഷകമാക്കുന്നതിനും വേണ്ടിയാണ് എന്‍ ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ തളിക്കുന്നത്. പച്ചക്കറിക്ക് വിത്ത് നടീലിന് മുമ്പ് തന്നെ മണ്ണില്‍ ഇത്തരത്തില്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ട്, തുടര്‍ന്ന് ചെടിയാകുമ്പോഴും വിളെവടുപ്പ് സമയത്തുമായി മൂന്ന് പ്രാവശ്യമാണ് വിഷാംശം ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ക്ക് പുറമെ പഴവര്‍ഗങ്ങളിലും വാഴകളിലും മാരകമായ കീടനാശിനി ഉപയോഗിക്കുന്നുണ്ട്.
പൊള്ളാച്ചി കിണത്ത്ക്കടവിലും പഴനി, കമ്പ, തേനി, ഊട്ടി , മേട്ടുപാളയം എന്നിവിടങ്ങളിലാണ് തമിഴ്‌നാട്ടില്‍ ഭൂരിഭാഗം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഉത് പാദന കേന്ദ്രം, ഇവിടങ്ങളില്‍ നിന്ന് മൊത്ത വ്യാപാരികള്‍ പച്ചക്കറികള്‍ വിലക്കെടുത്ത് ഒട്ടന്‍ഛത്രം പോലുള്ള മാര്‍ക്കറ്റുകളില്‍ നിന്നാണ് കേരളത്തെ വ്യാപാരികള്‍ വാങ്ങിക്കൊണ്ടുവരുന്നത്. പ്രതിദിനം 2000 ലോഡുകള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. മാരകമായ വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ സംസ്ഥാനത്തെ വിപണികള്‍ കീഴടക്കിയതോടെ സംസ്ഥാനസര്‍ക്കാര്‍ അവ തടയുന്നതിന് പലപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നിലവിലെ സംവിധാനം യാതൊരു പ്രയോജനവും ചെയ്യില്ലെന്നും പ്രഖ്യാപനം വെറും പ്രഹസനമായി മാറുമെന്നാണ് കൃഷിവകുപ്പ് വിദഗ്ധര്‍ തന്നെ പറയുന്നത്.