വടക്കന്‍ കൊറിയക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തണമെന്ന്

Posted on: November 20, 2014 5:52 am | Last updated: November 19, 2014 at 10:53 pm

North Korean leader Kim Jong-un (C) inspects the second battalion under the Korean People's Army Unit 1973, honoured with the title of "O Jung Hup-led 7th Regiment", on March 23, 2013, in this picture released by the North's official KCNA news agency in Pyongyang March 24, 2013. REUTERS/KCNAവാഷിംഗ്ടണ്‍: മനുഷ്യത്വത്തിനെതിരെ കുറ്റം ചെയ്തുവെന്ന കേസില്‍ വടക്കന്‍ കൊറിയക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിനോട് യു എന്‍ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. വടക്കന്‍ കൊറിയയില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനം നടന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നീക്കം. ജയില്‍ ക്യാമ്പുകള്‍, വിവിധതരത്തിലുള്ളി പീഡനങ്ങള്‍, പട്ടിണിക്കിടല്‍, നാസി കാലത്തോട് ഉപമിക്കാവുന്ന കൊലപാതകങ്ങള്‍ എന്നിവ വടക്കന്‍ കൊറിയയില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ വടക്കന്‍ കൊറിയക്കെതിരെ ഉപരോധത്തിനും യു എന്‍ ജനറല്‍ അസംബ്ലി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
യു എന്‍ ജനറല്‍ അസംബ്ലിയുടെ ഈ നീക്കം വടക്കന്‍ കൊറിയക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം ഈ വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് എന്തെങ്കിലും ചെയ്യാനാകുമോ എന്ന കാര്യവും സംശയത്തിലാണ്. വളരെ ഗൗരവമേറിയ വംശഹത്യ പോലുള്ള കേസുകളില്‍ മാത്രമേ സാധാരണ നിലയില്‍ അന്താരാഷ്ട്ര കോടതി ഇടപെടാറുള്ളൂ. ഇതിന് പുറമെ, വടക്കന്‍ കൊറിയക്ക് മേലുള്ള എന്തെങ്കിലും നടപടികളെ വീറ്റോ അധികാരമുള്ള ചൈന അംഗീകരിക്കാനും സാധ്യത കുറവാണ്.