സര്‍ദാരിയെ കുറിച്ചുള്ള വിവാദ പുസ്തകം പിന്‍വലിക്കുന്നു

Posted on: November 20, 2014 5:47 am | Last updated: November 19, 2014 at 10:48 pm

asifali sardhariഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച ‘ദി ട്രൂത്ത് ആള്‍വേസ് പ്രിവേല്‍സ്’ എന്ന പുസ്തകം പ്രസാധകര്‍ പിന്‍വലിക്കുന്നു. പുസ്തകം തന്റെ വ്യക്തിത്വത്തെ ഇകഴ്ത്തി കാണിക്കുന്നുവെന്ന് കാണിച്ച് സര്‍ദാരി പുസ്തക പ്രസാധകര്‍ക്കും എഴുത്തുകാരനും മാനനഷ്ടക്കേസ് നോട്ടീസ് അയച്ചിരുന്നു. ഹാശൂ ഗ്രൂപ്പ് ചെയര്‍മാന്‍ സദറുദ്ദീന്‍ ഹിശ്വാനിയാണ് പുസ്തകത്തിന്റെ രചയിതാവ്. ഞായറാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഹരിയാനയിലെ പെന്‍ഗ്വിന്‍ ബുക്‌സ്, കറാച്ചിയിലെ ലിബര്‍ട്ടി ബുക്‌സ് എന്നിവയാണ് പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചിരുന്നത്. 2008ല്‍ ഇസ്‌ലാമാബാദില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സര്‍ദാരിക്ക് ഉത്തരവാദിത്വമുണ്ടെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതേതുടര്‍ന്ന് 100 കോടി രൂപയുടെ നഷ്ട പരിഹാരമാണ് സര്‍ദാരി ആവശ്യപ്പെട്ടിരിക്കുന്നത്.