ലണ്ടനിലെ ചുറ്റിക ആക്രമണക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം

Posted on: November 19, 2014 6:00 pm | Last updated: November 19, 2014 at 6:18 pm

അബുദാബി: യു എ ഇ സ്വദേശികളായ മൂന്നു സഹോദരിമാര്‍ ലണ്ടനിലെ ഹോട്ടലില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ലണ്ടന്‍ കോടതി ശിക്ഷവിധിച്ചു. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 14 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിക്ക് 21 മാസത്തെ തടവുമാണ് വിധിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്തെ നടുക്കിയ അക്രമണം നടന്നത്. ഷോപ്പിംഗ് ആവശ്യത്തിന് ലണ്ടനിലെത്തിയ മൂന്ന് സ്വദേശി സഹോദരിമാരാണ്, അവര്‍ താമസിച്ചിരുന്ന ലണ്ടന്‍ നഗരത്തിലെ പ്രമുഖ ഹോട്ടല്‍ മുറിയില്‍ അക്രമിക്കപ്പെട്ടത്. മോഷണം ലക്ഷ്യമാക്കി സഹോദരിമാരുടെ മുറിയില്‍ കയറിയ പ്രതികള്‍ ചുറ്റിക ഉപയോഗിച്ച് ഇവരുടെ തലക്കടിക്കുകയായിരുന്നു.
തലക്കേറ്റ അടിയില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരിമാരിലൊരാള്‍ മാസങ്ങളോളം അബോധാവസ്ഥയില്‍ ലണ്ടനിലെ തന്നെ പ്രമുഖ ആശുപത്രിയില്‍ കിടന്നിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായ ഫിലിപ്പ് സ്പീനിസ്, തോമസ് ഇഫ്‌രീമീ എന്നിവര്‍ക്കാണ് യഥാക്രമം ജീവപര്യന്തവും 14 വര്‍ഷവും തടവിന് ലണ്ടനിലെ ക്രൗണ്‍ കോര്‍ട്ട് വിധിച്ചത്. ഇത്തരത്തിലൊരു ആക്രമണ സംഭവം ലണ്ടന്റെ ചരിത്രത്തില്‍ മുമ്പില്ലാത്തതാണെന്ന് വിധി പറഞ്ഞ ജഡ്ജി പറഞ്ഞു.
ഏതായാലും യു എ ഇ ജനതയെയും ലണ്ടനെയും ഒരേപോലെ ഞെട്ടിച്ച അക്രമ സംഭവത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിച്ചതില്‍ ഏറെ ആശ്വാസത്തിലാണ് യു എ ഇ ജനത. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇടപെടലുകളെ അക്രമണത്തിനിരയായ സഹോദരിമാരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഏറെ പ്രശംസിച്ചു.