പ്രതിഷേധവുമായി മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി രംഗത്ത്

Posted on: November 19, 2014 10:49 am | Last updated: November 19, 2014 at 10:49 am

പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഭൂനികുതി നിഷേധ വിഷയത്തില്‍ സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നിലപാട് പിന്‍വലിക്കണമെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ചെയര്‍മാന്‍ ഒ ഡി തോമസ് അറിയിച്ചു.
കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ വില്ലേജുകളിലെ കര്‍ഷകരുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ 2013 ജനുവരി 16ന് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്.
എന്നാല്‍ വനം വകുപ്പ് വീണ്ടും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാട് മാറ്റുകയായിരുന്നു. നേരത്തെ നടന്ന യോഗത്തില്‍ കര്‍ഷക പ്രതിനിധികളെയും പരാതിക്കാരായ കര്‍ഷകരെയും പങ്കെടുപ്പിച്ചിരുന്നു.
എന്നാല്‍, വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സംഘടനാ ഭാരവാഹികളെയോ യു ഡി എഫ് നേതാക്കളെയോ കര്‍ഷകരെയോ പങ്കെടുപ്പിക്കാതെയാണ് യോഗം ചേര്‍ന്ന് തീരുമാനമെടുത്തതെന്ന് നിവേദനത്തില്‍ പറയുന്നു.