തായ്‌ലാന്‍ഡില്‍ നിന്ന് മനുഷ്യാവയവക്കടത്ത്: യു എസ് പൗരന്‍ അറസ്റ്റില്‍

Posted on: November 19, 2014 1:25 am | Last updated: November 19, 2014 at 1:25 am

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ നിന്ന് മനുഷ്യാവയവങ്ങള്‍ അമേരിക്കയിലേക്ക് കടത്തിയ സംഭവത്തില്‍ അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. റിയാന്‍ മക്‌ഫേഴ്‌സന്‍ എന്ന 31കാരനാണ് അറസ്റ്റിലായത്. മൂന്ന് പേക്ക് പാര്‍സലുകളിലാണ് മനുഷ്യാവയവങ്ങള്‍ കടത്തിയത്. ശിശുവിന്റെ തലയും കാലുകളും മുതിര്‍ന്നയാളുടെ മാറിടവും ഉള്‍പ്പെടുന്നതാണ് പാര്‍സല്‍. ബാങ്കോക്കിലെ ഏറ്റവും വലിയ മെഡിക്കല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ചതാണ് മനുഷ്യാവയവങ്ങളെന്ന് അധികൃതര്‍ വെളിപ്പെടുത്തി. റിയാന്‍ മക്‌ഫേഴ്‌സന്‍ എന്ന അമേരിക്കന്‍ വിനോദസഞ്ചാരിയാണ് ഇവിടെ നിന്ന് പാര്‍സല്‍ കയറ്റി അയച്ചതെന്ന് പോലീസ് കേണല്‍ ചുംപോള്‍ പൂംപോംഗ് പറഞ്ഞു. ബാങ്കോക്ക് നൈറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് പര്‍സലുകള്‍ തനിക്ക് ലഭിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കപ്പല്‍ തൊഴിലാളിയില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് പാക്കറ്റുകള്‍ ബാങ്കോക്കില്‍ വെച്ചാണ് പിടിക്കപ്പെട്ടത്. അഞ്ച് അവയവങ്ങളാണ് ഇതിലുണ്ടായിരുന്നത്. ലാസ് വിഗാസ് എന്ന മേല്‍വിലാസത്തിലും ഒന്ന് മക്‌ഫേഴ്‌സന്‍ തന്റെ സ്വന്തം മേല്‍വിലാസത്തിലുമാണ് അമേരിക്കയിലേക്ക് അയച്ചത്. അവയവക്കടത്തിന്റെ ഉദ്ദേശ്യം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. അമേരിക്കന്‍ പൗരന്‍ മ്യൂസിയം സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ടെങ്കിലും അതില്‍ മോഷണം നടത്തുന്ന രംഗം ചിത്രീകരിച്ചിട്ടില്ല.