തീരദേശ ജില്ലകളില്‍ നാളെ കലക്‌ട്രേറ്റ് മാര്‍ച്ച്

Posted on: November 19, 2014 1:02 am | Last updated: November 19, 2014 at 7:11 pm

കൊച്ചി: എന്‍ എച്ച് 17 ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ നാളെ കലക്‌ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.
30 മീറ്ററില്‍ ആറു വരി പാത നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കുക, 45 മീറ്റര്‍ ബി ഒ ടി ടോള്‍ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 27നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ പ്രതിഷേധ മാര്‍ച്ച് നാളെ രാവിലെ പത്ത് മണിക്ക് ഹൈബി ഈഡന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലായി നടക്കുന്ന മാര്‍ച്ചിനെ പന്ന്യന്‍ രവീന്ദ്രന്‍, എ എ അസീസ് എം എല്‍ എ, ബിനോയ് വിശ്വം, പ്രൊഫ. സാറാ ജോസഫ്, കെ പി രാജേന്ദ്രന്‍, എന്‍ എം പിയേഴ്‌സണ്‍, ജി കൃഷ്ണപ്രസാദ്, ഡോ. ആസാദ് എന്നിവര്‍ അഭിസംബോധനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 30 മീറ്ററില്‍ ആറു വരി പാതയായി ദേശീയപാതകള്‍ വികസിപ്പിക്കുന്ന പദ്ധതി ഒരു ഡല്‍ഹി യാത്രയോടെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും വിഴുങ്ങിയെന്നും ആരോപിച്ചു. ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ബി ഒ ടി ലോബിക്ക് വേണ്ടിയാണ്. ഭീമമായ കുടിയൊഴിപ്പിക്കലും അഴിമതിയും ടോളും പാരിസ്ഥിതിക ആഘാതങ്ങളും സൃഷ്ടിക്കുന്ന 45 മീറ്റര്‍ ബി ഒ ടി പദ്ധതി ദേശീയപാത വികസനം പ്രതിസന്ധിയിലാക്കും.
ബി ഒ ടി പദ്ധതിക്കുവേണ്ടി ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും. നഷ്ടപരിഹാരം എന്നതിനപ്പുറം സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പരിപാടി എന്താണെന്ന് വ്യക്തമാക്കണം. പദ്ധതിക്കുവേണ്ടിയുള്ള സര്‍വേ, കല്ലിടല്‍ എന്നീ നടപടികള്‍ ചെറുക്കുമെന്നും അറിയിച്ചു.