Connect with us

Ongoing News

മുഖ്യമന്ത്രി തമിഴ്‌നാടിനയച്ച കത്ത് തള്ളിയത് അപലപനീയം: വി എം സുധീരന്‍

Published

|

Last Updated

പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്ത് തള്ളിക്കളഞ്ഞത് തികച്ചും അപലപനീയമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്ര പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ ഡാമില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യം ഒരു പ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇടുക്കി ഉള്‍പ്പടെയുള്ള സമീപ ജില്ലകളിലേയും ജനങ്ങളുടെ ജീവന്‍ കൈയിലിട്ട് അമ്മാനമാടുന്നതാണ് തമിഴ്‌നാടിന്റെ നടപടി. ജനങ്ങളുടെ ജീവന്‍ പന്താടി കൊണ്ടുള്ള തമിഴ്‌നാടിന്റെ സങ്കുചിത നിലപാടിനു യാതൊരു ന്യായീകരണവുമില്ല. ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന നടപടിയാണിത്. ഈ മേഖലകളില്‍ ആശങ്ക നിലനില്‍ക്കുന്നതു കൊണ്ടുതന്നെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും സേവനം ലഭ്യമാക്കണം. ഉദ്യോഗസ്ഥര്‍ക്ക് യാതൊരു തരത്തിലും ലീവ് അനുവദിക്കരുത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉചിതമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ മോണിറ്ററിംഗ് സമിതിയില്‍ നിന്നും നീതിപൂര്‍വ്വമായ നടപടി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. സുപ്രീംകോടതിയില്‍ നിന്നും നീതി ലഭിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാറിനും ഈ വിഷയത്തില്‍ ഉത്തരവാദിത്വമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. 22ന് ചേരുന്ന യു ഡി എഫ് സമിതി വിഷയം കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും അദ്ദേഹംവ്യക്തമാക്കി.